മികച്ച മഴ ലഭിച്ചത് തക്കാളി കര്‍ഷകര്‍ക്ക് തിരിച്ചടിയായി;വില കിലോക്ക് മൂന്ന് രൂപയോളം താഴ്ന്നു.

ബെംഗളൂരു: സംസ്ഥാനത്ത് മികച്ച രീതിയിൽ മഴ ലഭിച്ചത് ഒരുവിഭാഗം കർഷകർക്ക് ഗുണം ചെയ്തെങ്കിലും തക്കാളി കർഷകർക്ക് തിരിച്ചടിയായി. തക്കാളിയുടെ ഉത്പാദനം കൂടുകയും ആവശ്യക്കാർ കുറയുകയും ചെയ്തതോടെ കർഷകർക്ക് കിലോയ്ക്ക് മൂന്നു രൂപയാണ് ലഭിക്കുന്നത്. മഴ തുടർന്നാൽ വരും ദിവസങ്ങളിൽ തക്കാളിയുടെ വില ഇനിയും താഴേയ്ക്കു പോകുമെന്നാണ് കർഷകരുടെ ആശങ്ക. കഴിഞ്ഞ വർഷം ഈ സമയത്ത് പത്തു രൂപ കർഷകർക്ക് ലഭിച്ചിരുന്നു.

അതേസമയം, കടകളിൽനിന്ന് ഉപഭോക്താക്കളിലെത്തുമ്പോൾ തക്കാളിയുടെ വില കൂടും. ബെംഗളൂരുനവിൽ ഹോപ്‌കോംസിന്റെ ഔട്ട്‌ലെറ്റുകളിൽ 14 രൂപയാണ് ഒരുകിലോ തക്കാളിയുടെ വില.

രാജ്യത്ത് തക്കാളി ഉത്പാദനം കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കർണാടകം. കോലാർ, ചിക്കബല്ലാപുര, ചാമരാജനഗർ, റായ്ച്ചൂർ, തിപ്തൂർ, ബല്ലാരി തുടങ്ങിയ ജില്ലകളിലാണ് തക്കാളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത്. ഏപ്രിലിൽ നല്ല രീതിയിൽ മഴ ലഭിച്ചതാണ് തക്കാളി ഉത്പാദനം കൂടിയതെന്ന് കർഷകർ പറഞ്ഞു. എല്ലാ വർഷവും ഈ സമയത്ത് ആന്ധ്രപ്രദേശ്, ഒഡീഷ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് തക്കാളി കയറ്റി വിടാറുള്ളതാണ്. എന്നാൽ, ഇത്തവണ നല്ല മഴ ലഭിച്ചതിനാൽ ഈ സംസ്ഥാനങ്ങളിലും തക്കാളി ഉത്പാദനം കൂടി. ഇതും സംസ്ഥാനത്ത് ഉത്പാദിപ്പിച്ച തക്കാളി കെട്ടിക്കിടക്കാൻ കാരണമായി.

തക്കാളിക്ക് ആവശ്യക്കാർ കുറഞ്ഞതോടെ കർഷകർ വൻ നഷ്ടത്തിലായിരിക്കുകയാണ്. തക്കാളി ഉത്പാദിപ്പിക്കാൻ ചെലവായ തുകയുടെ പകുതിപോലും വരുമാനമായി ലഭിക്കുന്നില്ലെന്ന് ഇവർ പറഞ്ഞു. അഞ്ചു മാസത്തെ കൃഷിക്ക് ഒരേക്കറിന് കർഷകർ രണ്ടര ലക്ഷം രൂപ വീതമാണ് ചെലവാക്കുന്നത്. ഒരേക്കറിൽ നിന്ന് സാധാരണയായി 30 ടൺ തക്കാളിയാണ് ലഭിക്കുക. എന്നാൽ, ഇത്തവണ ഒരേക്കറിന് 50,000 രൂപ വീതമാണ് കർഷകർക്ക് നഷ്ടം സംഭവിച്ചിരിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള ആവശ്യം കുറഞ്ഞതാണ് തക്കാളി കെട്ടിക്കിടക്കാൻ കാരണം.

ബെംഗളൂരുവിൽ എത്തുന്നത് 1,000 ടൺ തക്കാളി

കഴിഞ്ഞ വർഷം ആന്ധ്രപ്രദേശ്, ഒഡീഷ, തെലങ്കാന, ഛത്തീസ്ഘഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ധാരാളം തക്കാളി കയറ്റി അയച്ചിരുന്നു. എന്നാൽ, ഇത്തവണ മികച്ച രീതിയിൽ മഴ ലഭിച്ചതിനാൽ ഈ സംസ്ഥാനങ്ങൾ സ്വന്തമായി തക്കാളി ഉത്പാദിപ്പിച്ചതായി എ.പി.എം.സി. സൂപ്രണ്ട് മുനിരാജു പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ മഴ കുറവായിരുന്നതിനാൽ ഈ സമയത്ത് തക്കാളി ഉത്പാദനം കുറയുകയും ആവശ്യക്കാർ കൂടുകയുമായിരിന്നു. അതിനാൽ തക്കാളിക്ക് ന്യായമായ വില കർഷകർക്ക് ലഭിച്ചിരുന്നു. സാധാരണഗതിയിൽ ബെംഗളൂരുവിൽ ദിവസേന 500 ടൺ തക്കാളി ആണ് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ആയിരം ടണ്ണിനടുത്ത് തക്കാളി ദിവസേന ബെംഗളൂരുവിലെത്തുന്നുണ്ട്. അതിനാൽ പല മാർക്കറ്റുകളിലും തക്കാളി കെട്ടിക്കിടക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us