ബെംഗളൂരു : നാളെ ആഹ്വാനം ചെയ്തിട്ടുള്ള കർണാടക ബന്ദ് ബെംഗളൂരുവിനെ ബാധിക്കില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ബി.എസ്.യെഡിയൂരപ്പ. കാർഷിക വായ്പ എഴുതിത്തള്ളിയില്ലെങ്കിൽ നാളെ സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കുമെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബന്ദ് ബിജെപി സ്പോൺസർ ചെയ്യുന്നതല്ലെന്ന് യെഡിയൂരപ്പ ഇന്നലെ വ്യക്തമാക്കി.
അധികാരത്തിലേറിയാൽ 24 മണിക്കൂറിനകം സംസ്ഥാനത്തെ കർഷകരുടെ വായ്പകൾ എഴുതിത്തള്ളുമെന്നു വാഗ്ദാനം നൽകിയ മുഖ്യമന്ത്രി കുമാരസ്വാമിയുടെ വീഴ്ച തുറന്നുകാട്ടുന്നതിനായി ഒട്ടേറെ കർഷക സംഘടനകളാണ് ബന്ദ് ആഹ്വാനവുമായി മുന്നോട്ട് വന്നത്. പാർട്ടി ഇവരെ പിന്തുണയ്ക്കുകയാണ് ചെയ്തത്. വ്യാപാര വ്യവസായ സ്ഥാപനങ്ങൾ അടച്ചിട്ട് വ്യാപാരികൾ ബന്ദിനോട് സഹകരിക്കണമെന്നും യെഡിയൂരപ്പ ആവശ്യപ്പെട്ടു.
ആർആർ നഗറിൽ നാളെ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ബന്ദ് ബെംഗളൂരുവിനെ ബാധിക്കില്ലെന്നു ബിജെപി ജനറൽ സെക്രട്ടറി ശോഭാ കരന്തലാജെ എംപി ട്വിറ്ററിലൂടെ സൂചന നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.