ബെംഗളൂരു : വകുപ്പ് വിഭജനം സംബന്ധിച്ച് കോൺഗ്രസുമായി ചില പ്രശ്നങ്ങളുണ്ടെങ്കിലും മന്ത്രിസഭാ രൂപീകരണത്തെ ഇതു തെല്ലും ബാധിക്കില്ലെന്നു മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനു ഹൈക്കമാൻഡിൽ നിന്ന് അനുമതി ലഭിച്ചാലുടൻ മന്ത്രിസഭാ വികസനം നടക്കും. ഇതുവരെ വകുപ്പുകൾ വിഭജിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അഭിമാന പ്രശ്നങ്ങളൊന്നുമില്ലെന്നും തർക്കങ്ങളില്ലാതെ തീർപ്പാക്കാനാണു ശ്രമിക്കുകയെന്നും കുമാരസ്വാമി പറഞ്ഞു.
എല്ലാവർക്കും മന്ത്രിയാകാൻ ആഗ്രഹമുണ്ടാകും. പക്ഷെ അതു സാധ്യമായെന്നുവരില്ല. കോൺഗ്രസ് മന്ത്രിമാരുടെ പട്ടികയ്ക്ക് അംഗീകാരം തേടി മുതിർന്ന നേതാക്കൾ ഇന്നലെ പ്രത്യേക വിമാനത്തിലാണ് ഡൽഹിക്കു തിരിച്ചത്. ഇതിനു മുന്നോടിയായി കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡോ.ജി.പരമേശ്വര, കർണാടകയിൽ പാർട്ടിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുമായി കുമാരസ്വാമി സ്വകാര്യ ഹോട്ടലിൽ ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. കോൺഗ്രസിന് 22, ദളിന് 12 എന്നിങ്ങനെ മന്ത്രിസ്ഥാനം പങ്കിടാൻ നേരത്തെ തീരുമാനമായിരുന്നു.
മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് പാർട്ടിയുടെ എല്ലാ ചർച്ചകളും ഡൽഹിയിലാണ് നടക്കുകയെന്നു പരമേശ്വര പറഞ്ഞു. കർണാടക പിസിസി അധ്യക്ഷസ്ഥാനം താൻ ഉടൻ ഒഴിയുമെന്ന സൂചനയും അദ്ദേഹം നൽകി. എട്ടു വർഷമായി അധ്യക്ഷ സ്ഥാനം വഹിക്കുന്നു. ഉപമുഖ്യമന്ത്രി ആയതിനാൽ സ്വാഭാവികമായും പാർട്ടി പദവി ഒഴിയണം. തന്നെക്കാൾ കഴിവുള്ള ഒട്ടേറെ നേതാക്കൾ ഈ സ്ഥാനത്തിനു യോഗ്യരായി പാർട്ടിയിലുണ്ടെന്നും പരമേശ്വര പറഞ്ഞു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.