ബെംഗളൂരു : കർണാടക ബി.ജെ.പി.യിൽ നേതാക്കൾ തമ്മിലുള്ള കലഹം പുതിയതലത്തിലേക്ക്. ബല്ലാരിയിൽനിന്ന് കർണാടക ബി.ജെ.പി.യുടെ മുൻനിര നേതാക്കളായി വളർന്ന ഗാലി ജനാർദന റെഡ്ഡിയും ബി. ശ്രീരാമുലുവും തമ്മിലുള്ള പോരാണ് പുറത്തേക്കുവരുന്നത്.
അടുത്തകാലംവരെ ഉറ്റവരായിനടന്ന നേതാക്കളാണ് ഇപ്പോൾ അന്യോന്യം ആരോപണവുമായി നേർക്കുനേർനിൽക്കുന്നത്.
തനിക്കെതിരേ ഗൂഢാലോചന നടത്തുകയാണ് റെഡ്ഡിയെന്നാണ് ശ്രീരാമുലുവിന്റെ ആരോപണം. ഏകാധിപതിയെപ്പോലെ റെഡ്ഡി പെരുമാറുന്നെന്നും തന്റെ രാഷ്ട്രീയഭാവി തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബല്ലാരി ജില്ലയിലെ സന്ദൂർ നിയമസഭാ തിരഞ്ഞെടുപ്പിലെ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ തോൽവിക്കു കാരണം ശ്രീരാമുലുവാണെന്ന് ചില നേതാക്കൾ ആരോപിക്കുന്നുണ്ട്.
പാർട്ടി സ്ഥാനാർഥിയുടെ വിജയത്തിനായി ശ്രീരാമുലു പ്രവർത്തിച്ചില്ലെന്നാണ് ആരോപണം. ഈ പ്രചാരണത്തിനുപിന്നിൽ ജനാർദന റെഡ്ഡിയാണെന്ന് ശ്രീരാമുലു കരുതുന്നു.
തിരഞ്ഞെടുപ്പു പരാജയത്തെ മുൻനിർത്തി, കഴിഞ്ഞദിവസംനടന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ കർണാടകത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻദാസ് അഗർവാൾ തന്നെ നാണംകെടുത്തിയെന്ന് ശ്രീരാമുലു പറഞ്ഞു.
താൻ രാജിവെക്കാനൊരുങ്ങിയെന്നും രാധാ മോഹൻദാസ് അഗർവാൾ തടയുകയായിരുന്നെന്നും പറഞ്ഞു. തനിക്കെതിരായ ആരോപണത്തിനുനേർക്ക് സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര മൗനംപാലിച്ചെന്നും ശ്രീരാമുലു പറഞ്ഞു.
അതേസമയം, ശ്രീരാമുലുവിന്റെ ആരോപണം ജനാർദന റെഡ്ഡി നിഷേധിച്ചു. ആരോപണങ്ങൾ വ്യാജവും സത്യത്തെ വളച്ചൊടിക്കുന്നതുമാണെന്ന് റെഡ്ഡി പറഞ്ഞു. ബല്ലാരിയിലെ ഖനനവ്യവസായത്തിലും രാഷ്ട്രീയത്തിലും ജനാർദന റെഡ്ഡിയും ശ്രീരാമുലുവും ഒറ്റമനസ്സോടെ പ്രവർത്തിച്ചവരാണ്.
പക്ഷേ, 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി റെഡ്ഡി പാർട്ടിവിട്ട് പുതിയ പാർട്ടിയായ കർണാടക രാജ്യ പ്രഗതി പക്ഷയ്ക്ക് രൂപംനൽകിയപ്പോൾ ശ്രീരാമുലു ഒപ്പംനിന്നില്ല.
റെഡ്ഡി തന്റെ പുതിയ പാർട്ടിയിൽ മത്സരിച്ചപ്പോൾ ശ്രീരാമുലു മറ്റൊരു മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥിയായി. ജനാർദന റെഡ്ഡി വിജയിച്ചപ്പോൾ ശ്രീരാമുലു പരാജയപ്പെട്ടു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് റെഡ്ഡി ബി.ജെ.പി.യിൽ തിരിച്ചെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശ്രീരാമുലു മത്സരിച്ചെങ്കിലും വിജയംനേടാനായില്ല.
സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്രയ്ക്കെതിരേ മുതിർന്ന നേതാക്കളായ ബസനഗൗഡ പാട്ടീൽ യത്‌നൽ, രമേഷ് ജാർക്കിഹോളി തുടങ്ങിയ നേതാക്കളുടെ പോരാട്ടം തുടരുന്നതിനിടെയാണ് പ്രമുഖനേതാക്കളായ ശ്രീരാമുലുവും ജനാർദന റെഡ്ഡിയും നേർക്കുനേർവരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.