ബെംഗളൂരു : ലൈംഗികപീഡനക്കേസിൽ കുടുങ്ങിയ ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണ രാജ്യംവിട്ട് 25 ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കായില്ല.
നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ചാണ് ഏപ്രിൽ 27-ന് പ്രജ്ജ്വൽ രാജ്യം വിട്ടത്. പാസ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി.) തിങ്കളാഴ്ച കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചിരുന്നു. അനുകൂലപ്രതികരണമുണ്ടായിട്ടില്ല.
പ്രജ്ജ്വലിന്റെപേരിൽ കേസെടുത്ത ഉടൻ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു.
പ്രജ്ജ്വലിന്റെപേരിൽ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചശേഷമാണ് എസ്.ഐ.ടി. കഴിഞ്ഞദിവസം വീണ്ടും കത്തയച്ചത്. പ്രജ്ജ്വലിനെതിരേ ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ആദ്യം ജർമനിയിലെത്തിയ പ്രജ്ജ്വൽ പിടിതരാതെ വിദേശരാജ്യങ്ങളിലൂടെ സഞ്ചരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.
നയതന്ത്ര പാസ്പോർട്ട് കൈവശമുള്ളതിനാൽ വിസയില്ലാതെ സഞ്ചരിക്കാൻ എളുപ്പമാണ്. പക്ഷേ, പാസ്പോർട്ട് റദ്ദാക്കിയാൽ ഇതിന് തടസ്സംവരും.
വിദേശരാജ്യത്ത് തുടർന്നാൽ നിയമനടപടി നേരിടേണ്ടിവരും. അതുകൊണ്ട് ഉടൻ മടങ്ങാൻ തയ്യാറാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
ഹാസനിലെ ജെ.ഡി.എസ്. സ്ഥാനാർഥിയായിരുന്ന പ്രജ്ജ്വൽ ഉൾപ്പെട്ട അശ്ലീലവീഡിയോകൾ പ്രചരിച്ചതിനു പിന്നാലെയാണ് അതിജീവിതകളുടെ പരാതികളിൽ കേസെടുത്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.