പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ നടന്ന രണ്ട് വ്യത്യസ്ത ഭീകരാക്രമണത്തില്‍ ഒമ്പത് ബസ് യാത്രക്കാര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ശനിയാഴ്ചയാണ് ഇക്കാര്യം അധികൃതര്‍ അറിയിച്ചത്.
വെള്ളിയാഴ്ച നടന്ന ആദ്യ സംഭവത്തില്‍ നോഷ്‌കി ജില്ലയിലെ ഹൈവേയില്‍ ആയുധധാരികളായ ആളുകള്‍ ബസ് തടഞ്ഞുനിര്‍ത്തി തോക്ക് ചൂണ്ടി ഒമ്പത് പേരെ തട്ടിക്കൊണ്ടുപോയതായി പോലീസ് പറഞ്ഞു.
‘കാണാതായ ഒമ്പത് പേരുടെയും മൃതദേഹങ്ങള്‍ ഒരു പാലത്തിന് സമീപമുള്ള മലയോര പ്രദേശങ്ങളില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തി’ എന്ന് പാക് പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ക്വറ്റയില്‍ നിന്ന് തഫ്താനിലേക്ക് പോകുകയായിരുന്ന ബസാണ് ആയുധധാരികള്‍ തടഞ്ഞുനിര്‍ത്തി, യാത്രക്കാരില്‍ നിന്ന് ഒമ്പത് പേരെ പര്‍വതപ്രദേശങ്ങളിലേക്ക് കൊണ്ടുപോയത് എന്നും അദ്ദേഹം പറഞ്ഞു.
അതേ ഹൈവേയില്‍ നടന്ന രണ്ടാമത്തെ സംഭവത്തില്‍ ഒരു കാറിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയും രണ്ട് യാത്രക്കാര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
നോഷ്‌കി ഹൈവേയില്‍ 11 പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട ഭീകരരോട് ക്ഷമിക്കില്ലെന്നും ഉടന്‍ പിടികൂടുമെന്നും ബലൂചിസ്താന്‍ മുഖ്യമന്ത്രി മിര്‍ സര്‍ഫറാസ് ബുഗ്തി പറഞ്ഞു.
ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരെ തുരത്തുമെന്നും ബലൂചിസ്ഥാന്റെ സമാധാനം തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ബുഗ്തി കൂട്ടിച്ചേര്‍ത്തു.
സംഭവത്തെ അപലപിച്ച ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി, ഈ സമയത്ത് മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും പറഞ്ഞു.
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല, എന്നാല്‍ ഈ വര്‍ഷം പ്രദേശത്ത് വിവിധ സംഘടനകളുടെ ഭീകരാക്രമണങ്ങള്‍ പ്രവിശ്യയില്‍ വര്‍ധിച്ചിട്ടുണ്ട്.
സുരക്ഷാ സേനയെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്ന ആക്രമണങ്ങളാണ് പലതും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.