ചൂട് സഹിക്കുന്നില്ല; വെയിലത്ത് നിൽക്കാനാവാതെ പൊതുപരിപാടികൾ നിയന്ത്രിച്ച് രാഷ്ട്രീയപ്പാർട്ടികൾ

ബെംഗളൂരു : പൊള്ളുന്ന ചൂടിനിടയിലെ പ്രചാരണം കടുകട്ടിയാകുകയാണ് സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും.

പൊരിവെയിലിൽ വോട്ടുപിടിക്കാനിറങ്ങുന്നത് അത്ര എളുപ്പമല്ല. 40 ഡിഗ്രിസെൽഷ്യസിന് മുകളിലാണ് വടക്കൻ ജില്ലകളിലെ താപനില.

ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ പലയിടങ്ങളിലും അനുഭവപ്പെടുന്നത് 36 ഡിഗ്രിസെൽഷ്യസ് ചൂടാണ്.

ഇതോടെ പ്രചാരണപരിപാടികളിൽ നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ് രാഷ്ട്രീയപ്പാർട്ടികൾ.

ചൂടുകൂടുന്ന സാഹചര്യത്തിൽ ഉച്ചസമയത്ത് പരമാവധി പുറത്തിറങ്ങരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. ഇതുവരെ നിരവധി പേർക്കാണ് സംസ്ഥാനത്ത് സൂര്യാഘാതമേറ്റത്.

രണ്ടുപേർ മരിക്കുകയും ചെയ്തു. ബെലഗാവി, കലബുറഗി തുടങ്ങിയ ജില്ലകളിൽ സൂര്യഘാതത്തെത്തുടർന്നും നിർജലീകരണത്തെത്തുടർന്നും ചികിത്സതേടിയെത്തുന്നവർക്ക് ആശുപത്രികളിൽ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.

രാവിലെ ഏഴുമുതൽ 11 വരേയും വൈകീട്ട് നാലിനുശേഷവുമാണ് വടക്കൻ കർണാടകത്തിൽ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും റാലികളും പൊതുപരിപാടികളും സംഘടിപ്പിക്കുന്നത്.

11 -നും നാലിനും ഇടയിൽ നടക്കുന്ന പരിപാടികളെല്ലാം എ.സി.യും കൂളറുകളുമുള്ള ഹാളുകളിലേക്ക് മാറി.

പരിപാടിക്കെത്തുന്ന പ്രവർത്തകർക്ക് കുടിക്കാൻ സംഭാരവും തണുത്തവെള്ളവും വിതരണം ചെയ്യുന്നതും പതിവ്.

എന്നാൽ പ്രചാരണച്ചെലവ് കൂടുന്നത് രാഷ്ട്രീയ പാർട്ടികൾക്ക് വലിയ ബാധ്യതയാണ് സൃഷ്ടിക്കുന്നത്.

വടക്കൻ കർണാടകത്തിൽ രണ്ടാംഘട്ടത്തിലാണ് തിരഞ്ഞെടുപ്പെന്നതിനാൽ കൂടുതൽ ദിവസങ്ങളും പ്രചാരണത്തിനുവേണ്ടി മാറ്റിവെക്കേണ്ടിവരും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us