വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ച് ബിബിഎംപി; ജയനഗറിൽ വ്യാപക പ്രതിഷേധം

ബെംഗളൂരു : ജയനഗറിൽ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തുടർന്ന് ബി.ബി.എം.പി.

ഫോർത്ത് ബ്ലോക്കിലെ 27 എ ക്രോസിലെ വഴിയോരക്കച്ചവടക്കാരെയാണ് ബി.ബി.എം.പി. മാർഷൽമാർ വെള്ളിയാഴ്ച ഒഴിപ്പിച്ചത്.

കച്ചവടം തുടരാൻ അനുവദിക്കണമെന്ന് കച്ചവടക്കാർ അപേക്ഷിച്ചെങ്കിലും മാർഷൽമാർ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയായിരുന്നു.

ഇതേത്തുടർന്ന് കച്ചവടക്കാർ നടത്തിയ പ്രതിഷേധം രാത്രി വൈകിയും തുടർന്നു.

ബി.ബി.എം.പി. സൗത്ത് സോൺ ജോയിന്റ് കമ്മിഷണർ ജഗദീഷ് കെ. നായിക് സ്ഥലത്തെത്തി കച്ചവടക്കാരുമായി ഒരുമണിക്കൂറോളം ചർച്ച നടത്തിയേശഷം ഏഴുദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകി.

വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുകയല്ല, അനധികൃത കൈയേറ്റം ഒഴിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ബി.ബി.എം.പി. ഉദ്യോഗസ്ഥർ വ്യക്തമാക്കിയെങ്കിലും പ്രതിഷേധക്കാർ അടങ്ങിയില്ല.

അധികൃതർ നേരത്തേ നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

ഇരുപതു വർഷത്തിലേറെയായി കച്ചവടം നടത്തുന്നവർക്കും ബി.ബി.എം.പി.യുടെ കാർഡ് ഉള്ളവർക്കും കച്ചവടം അവസാനിപ്പിക്കേണ്ടിവന്നു.

വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ച ബി.ബി.എം.പി.യുടെ നടപടി നിയമവിരുദ്ധമാണെന്ന് സ്ട്രീറ്റ് വെണ്ടേഴ്‌സ് യൂണിയൻ അംഗം അഡ്വ. വിനയ് ശ്രീനിവാസ പറഞ്ഞു.

തിരിച്ചറിയൽകാർഡുള്ള കച്ചവടക്കാരെ മുൻകൂർ നോട്ടീസ് നൽകാതെയാണ് ഒഴിപ്പിച്ചത്.

പലതവണ ബി.ബി.എം.പി. അധികൃതരെ കണ്ടിരുന്നെന്നും ഉറപ്പുനൽകിയതല്ലാതെ ഇതുവരെ യോഗം വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us