കൊച്ചി കുസാറ്റ് ദുരന്തം; ‘മുഖം കണ്ടാലറിയാത്ത വിധമാരുന്നു; സാറയുടെ ബന്ധു; മരിച്ച നാല് പേരുടെ പോസ്റ്റ്‌മോർട്ടം ഉടൻ

കൊച്ചി: കുസാറ്റ് ദുരന്തം മരിച്ചവരുടെ കുടുംബങ്ങൾക്ക് ഓർക്കാപ്പുറത്തുള്ള ആഘാതമായിരുന്നു.

കുസാറ്റിൽ പഠിക്കാൻ പോയ മൂന്ന് മക്കളിൽ ഒരാളുടെ മരണവാർത്ത കേട്ട് തകർന്നിരിക്കുകയാണ് താമരശ്ശേരി വയലുപ്പിള്ളിയിലെ വീട്ടിലുള്ളവർ.

വാർത്തയിലൂടെയാണ് അപകട വിവരമറിഞ്ഞതെന്ന് സാറയുടെ ബന്ധു പറയുന്നു.

‘ഇന്നലെ ഏഴ് മണിക്ക് ടിവിയൽ കണ്ടാണ് അപകടവിവരം അറിഞ്ഞത്. മക്കൾ അവിടായതു കൊണ്ട് വിളിച്ചുനോക്കാൻ ഹസ്ബന്റ് പറഞ്ഞു.

മോനെ വിളിച്ചു. ഇങ്ങനൊരു പ്രശ്നമുണ്ടായി, സാറയെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് മോൻ പറഞ്ഞു.

പിന്നീട് മകൾ എന്നോട് പറഞ്ഞു, മരിച്ചത് സാറയാണെന്ന്. മുഖം കണ്ടാലറിയാത്ത വിധമാരുന്നു.

മകൾ ടെസിക്ക് തിരിച്ചറിയാൻ പറ്റുന്നില്ലാരുന്നു. കൂടെയുള്ള കുട്ടികളാണ് സാറയെ തിരിച്ചറിഞ്ഞത്’- സാറയുടെ പിതാവിന്റെ സഹോദരി പറഞ്ഞു.

മരിച്ച നാല് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്. രാവിലെ ഏഴിന് നടപടികൾ ആരംഭിക്കും.

ഒരേസമയം കളമശ്ശേരി മെഡിക്കൽ കോളജിലും എറണാകുളം ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റ്‌മോർട്ടം ക്രമീകരിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് മുൻപായി മൃതദേഹങ്ങൾ വിട്ടു നൽകും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുസാറ്റിൽ പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്.

അപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 38 ഓളം പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ ഉള്ളത്.

അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും ഒരേ പരിക്ക്. കരൾ, മസ്തിഷ്കം, ശ്വാസകോശം എന്നിവയ്ക്കാണ് കൂടുതൽ പരിക്കും.

അതിനിടെ, പത്തടിപ്പാലം കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിച്ച 18 പേരിൽ 16 പേർ ആശുപത്രി വിട്ടു. 2 പേർ മാത്രമാണ് ഇവിടെ ചികിത്സയിലുള്ളത്.

അപകടത്തിന്റെ പശ്ചാത്തലത്തിൽ കളമശേരി മെഡിക്കൽ കോളജിൽ മെഡിക്കൽ ബോർഡ് യോഗം ചേരും.

ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് യോഗം. കൃത്യമായ ഇടവേളകളിൽ വിദ്യാർഥികളുടെ ആരോഗ്യനില വിലയിരുത്തും.

ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.

കൂടാതെ കളമശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us