നടൻ കുഞ്ചാക്കോ ബോബനെതിരെ രൂക്ഷ വിമർശനവുമായി പദ്മിനി’ സിനിമയുടെ നിർമാതാവ് സുവിൻ കെ. വർക്കി രംഗത്ത്.
നടൻ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനെതിരെയാണ് നിർമാതാവ് രംഗത്ത് എത്തിയിരിക്കുന്നത്.
25 ദിവസത്തെ അഭിനയത്തിന് 2.5 കോടി കൈപ്പറ്റിയെന്നും അഭിനയിക്കുന്ന സിനിമകൾ പ്രമോട്ട് ചെയ്യേണ്ടത് താരങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്നും നിർമാതാവ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
കൂടാതെ കുഞ്ചാക്കോ ബോബന്റെ ചിത്രം ഒഴിവാക്കിക്കൊണ്ടുള്ള പോസ്റ്ററും നിർമാതാവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
സിനിമയുടെ പ്രൊമോഷനിലെ പോരായ്മകൾ സംബന്ധിച്ച് ഉയരുന്ന ചില ചോദ്യങ്ങൾക്ക് ഞങ്ങൾക്ക് മറുപടി നൽകേണ്ടതുണ്ട്.
അതേ കുറിച്ചു സംസാരിച്ചു തുടങ്ങുന്നതിനു മുൻപ് ഒരു കാര്യം, പദ്മിനി ഞങ്ങൾക്കൊരു ലാഭകരമായ ചിത്രമാണ്.
തിയേറ്ററുകളിൽ നിന്ന് എന്ത് ഷെയർ കിട്ടിയാലും ഞങ്ങൾക്ക് ലാഭം തന്നെയാണ്. ഞങ്ങളുടെ പ്രൊഡക്ഷൻ ടീമിനും, സെന്ന, ശ്രീരാജ് തുടങ്ങിയ അണിയറ പ്രവർത്തകർക്കും നന്ദി.
നിശ്ചയിച്ചുറപ്പിച്ച ഷൂട്ടിംഗ് ഷെഡ്യൂളിൽ നിന്ന് ഏഴു ദിവസം മുൻപ് ഞങ്ങൾക്ക് ഷൂട്ട് തീർക്കാൻ സാധിച്ചിരുന്നു.
പക്ഷേ ഒരു ഫിലിം മേക്കർ എന്ന നിലയിൽ ചിന്തിക്കുകയാണെങ്കിൽ തിയേറ്ററിൽ നിന്നുള്ള റെസ്‌പോൺസുകൾ തന്നെയാണ് ഏറ്റവും വലുത്.
സിനിമയിൽ അഭിനയിക്കുന്ന നായകന്റെ സ്റ്റാർഡമിനു തിയേറ്ററുകളിലേക്ക് ആളുകളെ എത്തിക്കുന്നതിൽ വലിയൊരു പങ്കുണ്ട്.
പദ്മിനിയുടെ കാര്യമെടുത്താൽ, 2.5 കോടി രൂപയാണ് നായക നടൻ പ്രതിഫലമായി കൈപ്പറ്റിയത്. എന്നിട്ട് പോലും ഒരു ടെലിവിഷൻ ഇന്റർവ്യൂവിന്റെയൊ പ്രൊമോഷൻ പ്രോഗ്രാമിന്റെ ഭാഗമായിട്ടില്ല.
അദ്ദേഹത്തിന്റെ ഭാര്യ നിർദ്ദേശിച്ച പ്രകാരം സിനിമയുടെ റോൾ ഫൂട്ടേജ് മാത്രം കണ്ട ഒരു പ്രൊമോഷൻ കൺസൾട്ടന്റ് അഭിപ്രായപെട്ടത് പ്രകാരം ചിത്രത്തിന് വേണ്ടി ഞങ്ങൾ സൃഷ്ടിച്ച പ്രൊമോഷൻ പ്ലാനുകളും ചാർട്ടുകളും അവർ തള്ളിക്കളഞ്ഞു.
ഇതുപോലെ തന്നെയാണ് കഴിഞ്ഞ രണ്ട് മൂന്ന് സിനിമകളുടെ കാര്യത്തിലും സംഭവിച്ചത്. ആരെങ്കിലും ഇതിനെ ചോദ്യം ചെയ്യേണ്ടേ..?. അത് കൊണ്ടാണ് ഇപ്പോൾ ഞങ്ങൾ പ്രതികരിച്ചത്.
ഒരു നടൻ തന്നെ കോ പ്രൊഡ്യൂസർ ആയ ഒരു സിനിമയിലും ഇത് സംഭവിക്കില്ല. അത്തരത്തിലുള്ള സിനിമയുടെ എല്ലാ ടി.വി ഇന്റർവ്യൂകളിലും അവർ ഇരിക്കാറുമുണ്ട്.
പുറത്ത് നിന്നൊരു പ്രൊഡ്യൂസർ വരുമ്പോളാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. പദ്മിനിയിലെ നായിക നടനെ സംബന്ധിച്ച 25 ദിവസത്തെ അഭിനയത്തിന് 2.5 കോടി കൈപ്പറ്റിയ ഒരു സിനിമയുടെ പ്രൊമോഷനും വലുത് യൂറോപ്പിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ സന്തോഷമാണെന്ന് തോന്നുന്നു.
സിനിമകൾക്ക് തിയേറ്റർ റൺ കുറയുന്നു എന്നതിന്റെ പേരിൽ വിതരണക്കാരും നിർമ്മാതാക്കളും ശബ്ദമുയർത്തുന്ന ഈ കാലത്ത് സിനിമകൾക്ക് അർഹമായ പ്രാധാന്യം ലഭിക്കുന്നുണ്ടോ എന്നതുമൊരു വലിയ ചിന്തയാണ്. താരങ്ങൾ അഭിനയിക്കുന്ന സിനിമകൾ പ്രൊമോട്ട് ചെയ്യണം എന്നതൊരു കടമ തന്നെയാണ്. ഒരു വർഷം ഇരുന്നുറിനു മുകളിൽ സിനിമകൾ റീലീസ് ആകുന്നിടത്ത് അവർ അഭിനയിക്കുന്ന സിനിമകളിലേക്ക് ജനങ്ങളെ എത്തിക്കേണ്ടതുണ്ട്. ഇത് സിനിമയാണ് ജനങ്ങളുടെ വിധി തന്നെയാണ് നിങ്ങളുടെ നിലനിൽപ്പ്. സിനിമയുടെ മാജിക്ക് എന്തെന്നാൽ ‘കോൺടെന്റ് തന്നെയാണ് എപ്പോഴും വിജയിക്കുക’ എന്നതാണ്.
ഈ നടന് വേണ്ടി പ്രൊഡ്യൂസർ അസോസിയേഷനിൽ പോരാടിയ എല്ലാ പ്രൊഡ്യൂസർ സുഹൃത്തുക്കളോടും നന്ദി’, നിർമാതാവ് കുറിച്ചു.
ഇത് സംബന്ധിച്ച് നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. സാധാരണയായി വിവാദങ്ങളിൽ പെടാത്ത ഒരു നടൻ ആണ് കുഞ്ചാക്കോ ബോബൻ. ആരോപണങ്ങളെ കുറിച്ച് നടനോ അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.