വടക്കന്‍ കേരളത്തില്‍ ഉയര്‍ന്ന അന്തരീക്ഷ താപനില ശരാശരിയില്‍ നിന്നും നാല് മുതല്‍ 10 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുളളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാല്‍ പൊതുജനങ്ങള്‍ സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണവിഭാഗം.
രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്നു വരെയെങ്കിലും സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും കുപ്പിയില്‍ വെള്ളം കരുതാനും അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കാനും ദുരന്തനിവാരണവിഭാഗം നിര്‍ദേശിച്ചു.
ശരീരോഷ്മാവ് ഉയരുക, ചര്‍മം വരളുക, ശ്വസന പ്രക്രിയ സാവധാനാമാകുക, മാനസിക പിരിമുറക്കമുണ്ടാവുക, തലവേദന, മസില്‍ പിടുത്തം, കൃഷ്ണമണി വികസിക്കുക, ചുഴലി രോഗ ലക്ഷണങ്ങള്‍, ബോധക്ഷയം തുടങ്ങിയവയാണ് സൂര്യാഘാതത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍.
ചൂടിന്‍റെ ആധിക്യം മൂലം ക്ഷീണം, തളര്‍ച്ച, കൂടിയ നാഡിമിടിപ്പ്, അസാധാരണമായ വിയര്‍പ്പ്, ബോധക്ഷയം, വയറിളക്കം, ശരീരത്തി ല്‍ ചര്‍മം ചുവന്നുതടിക്കല്‍, തുടങ്ങിയവയുമുണ്ടാകാം. കനത്ത ചൂടുമായി നേരിട്ട് ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ട്.
കടുത്ത ചൂടുമായി ശാരീരിക സമ്പര്‍ക്കം ഒഴിവാക്കുക, ശുദ്ധജലം ധാരാളം കുടിക്കുക, നനച്ച തുണി പിഴിഞ്ഞ് ശരീരം തുടയ്ക്കുക, ശരീരം പൂര്‍ണമായി കാര്യക്ഷമമല്ലെങ്കില്‍ ശാരീരികാധ്വാനമുള്ള പ്രവര്‍ത്തികള്‍ ഒഴിവാക്കുക, ശാരീരികാധ്വാനമുള്ള പ്രവര്‍ത്തികള്‍ ഉച്ച സമയത്ത് ഒഴിവാക്കുക, കഫീന്‍, മദ്യം തുടങ്ങിയവ ഒഴിവാക്കുക, ഇളം നിറത്തിലുളള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക, കുട, സണ്‍ഗ്ലാസുകള്‍, കൂളിംഗ് ഗ്ലാസുകള്‍ ഉപയോഗിക്കുക, വീട്ടില്‍ വായു സഞ്ചാരം ഉറപ്പുവരുത്തുന്നതിന് ജനാലകള്‍ തുറന്നിടുക, പോഷക മൂല്യമുള്ള ഭക്ഷണം കഴിക്കുക എന്നിവ ശ്രദ്ധിക്കണം.
സൂര്യാഘാതം ഏറ്റതായി മനസിലായാ ല്‍ രോഗിയെ തറയിലോ കട്ടിലിലോ കിടത്തിയ ശേഷം ചൂടു കുറയ്ക്കാന്‍ ഫാന്‍ ഉപയോഗിക്കുക, കാലുകള്‍ ഉയര്‍ത്തി വച്ച ശേഷം വെള്ളത്തില്‍ നനച്ച തുണി ദേഹത്തിടുക എന്നിവ ചെയ്യാവുന്നതാണെന്നും ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.