ഐപിസി 36-ാമത് കർണാടക സംസ്ഥാന കൺവെൻഷൻ ആരംഭിച്ചു

ബെംഗളൂരു: ആവശ്യക്കാരുടെ നേരെ ആശ്വാസത്തിന്റെ കരങ്ങൾ നീട്ടുന്ന ക്രൈസ്തവദൗത്യത്തിനു ഊന്നൽ നൽകി ജീവിക്കാൻ വിശ്വാസികൾ തയ്യാറാകണമെന്നു ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.എസ്. ജോസഫ് പ്രസ്താവിച്ചു. ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ (ഐപിസി) 36-ാമത് കർണാടക സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ ചുറ്റും കഷ്ടത്തിലും പ്രയാസത്തിലും കഴിയുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ വിശ്വാസിയുടെ ഹൃദയത്തിൽ വേദനിക്കുന്നവർക്ക് ഇടം നൽകണമെന്ന് അദ്ദേഹം സഭാംഗങ്ങളെ ആഹ്വാനം ചെയ്തു. പാസ്റ്റർമാരായ സി.പി. സാമുവേൽ, തോമസ് ജോർജ് എന്നിവർ അധ്യക്ഷരായിരുന്നു. ഐ.പി.സി ദേശീയ വൈസ് പ്രസിഡൻറ് പാസ്റ്റർ വിൽസൻ ജോസഫ്, പാസ്റ്റർ അനീഷ് തോമസ് (റാന്നി) എന്നിവരും പ്രസംഗിച്ചു.

രാവിലെ നടന്ന ശുശ്രൂഷക സമ്മേളനത്തിൽ പാസ്റ്റർമാരായ ഡോ.അലക്സ് ജോൺ (അബുദാബി), ജോർജ് തോമസ് എന്നിവർ പ്രസംഗിച്ചു. അഞ്ഞൂറിലധികം ശുശ്രൂഷകർ പങ്കെടുത്തു. ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടക്കുന്ന കൺവൻഷനിൽ
ഐപിസി ദേശീയ പ്രസിഡൻ്റ് ഡോ.വൽസൻ ഏബ്രഹാം, ദേശീയ സെക്രട്ടറി സാം ജോർജ്, പാസ്റ്റർമാരായ ജോസ് മാത്യു, ഡോ.വർഗീസ് ഫിലിപ്പ്, റ്റി.ഡി.തോമസ്, ഷിബു തോമസ് (ഒക്കലഹോമ), ഡോ.അലക്സ് ജോൺ, ഡോ. കിങ്സ് ലി ചെല്ലൻ എന്നിവർ പ്രസംഗിക്കും. ഇവാ. റിനു തങ്കച്ചൻ്റെ നേതൃത്വത്തിൽ കൺവൻഷൻ ക്വയർ ഗാനങ്ങൾ ആലപിച്ചു.

കൺവൻഷനിൽ ദിവസവും വൈകിട്ട് 6 മുതൽ ഗാനശുശ്രൂഷയും ,സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച രാവിലെ ഉപവാസ പ്രാർഥന, ഉച്ചയ്ക്ക് 2.30 മുതൽ സഹോദരിസമാജം സമ്മേളനവും നടക്കും. വനിതാ സമാജം സമ്മേളനത്തിൽ പ്രസിഡൻറ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസ് അധ്യക്ഷയായിരിക്കും. സിസ്റ്റർ സിസ്സി ബാബു ജോൺ പ്രസംഗിക്കും. സമ്മേളനത്തിൽ വിധവകൾക്ക് സഹായം, നിർധനരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം, വിവാഹത്തിനുള്ള സാമ്പത്തിക സഹായം എന്നിവ നൽകും. ശനിയാഴ്ച രാവിലെ 10 മുതൽ ക്രൈസ്തവ സഭകൾ ഈ കാലഘട്ടത്തിൽ നേരിടുന്ന സമകാലിക വിഷയങ്ങളെ ആസ്പധമാക്കി പ്രത്യേക സെമിനാർ നടക്കും. സെമിനാറിൽ ഐ.പി.സി കർണാടക സെക്രട്ടറി പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് അധ്യക്ഷനായിരിക്കും.

പെർസിക്യൂഷൻ റിലീഫ് ചെയർമാൻ ഷിബു തോമസ്, അഡ്വ.റോബിൻ ക്രിസ്റ്റഫർ, അഖിലേന്ത്യാ മനുഷ്യാവകാശ കമ്മീഷൻ ജനറൽ സെക്രട്ടറി പാസ്റ്റർ അഗസ്റ്റിൻ എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്ക് 2.30 മുതൽ പി.വൈ.പി.എ , സൺഡേസ്ക്കൂൾ വാർഷിക സമ്മേളനവും നടക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 8.30 ന് കർണാടക ഐ.പി.സിയുടെ കീഴിലുള്ള 950 പ്രാദേശിക സഭകളിലെ ആയിരത്തിലധികം ശുശ്രൂഷകരും അയ്യായിരത്തിലധികം വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ കൺവെൻഷൻ സമാപിക്കും.

ജനറൽ കൺവീനർ പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ്, ജോയിൻ്റ് കൺവീനേഴ്സ് പാസ്റ്റർ സി.പി. സാം, ബ്രദർ സി.റ്റി.ജോസഫ് ,പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോർജ് ഏബ്രഹാം എന്നിവർ കൺവൻഷന് നേതൃത്വം നൽകുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us