ഡേറ്റിംഗ് ആപ്പുകളിൽ വിശ്വാസം അർപ്പിക്കുകയാണ് ഇന്ത്യയിലെ സ്ത്രീകൾ എന്ന് സർവ്വേ റിപ്പോർട്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെക്കാൾ സൗഹൃദം സൃഷ്ടിക്കാൻ ഡേറ്റിംഗ് ആപ്പുകളാണ് സുരക്ഷിതമെന്ന് സ്ത്രീകൾ പറയുന്നതായി കണ്ടെത്തിയിരിക്കുകയാണ് പ്രശസ്ത ഇന്ത്യൻ ഡേറ്റിങ് ആപ്പായ ക്വാക് ക്വാക്.
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള മുഖ്യധാര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ പിന്തള്ളിയാണ് ഇപ്പോൾ മിക്ക സ്ത്രീകളും ഡേറ്റിംഗ് ആപ്പുകളെ തെരഞ്ഞെടുക്കുന്നതെന്ന് ഇവർ നടത്തിയ സർവ്വേയിൽ പറയുന്നു.
രാജ്യത്തെ 46 ശതമാനം സ്ത്രീകളും ഡേറ്റിങ് ആപ്പുകളാണ് സുരക്ഷിതമെന്ന് വിലയിരുത്തുന്നതായാണ് പഠനം പറയുന്നത്.
7,500 സ്ത്രീകളിൽ നടത്തിയ പഠനത്തിൽ 18 മുതൽ 35 വരെ വയസ്സുള്ളവർ പങ്കെടുത്തു.
ഇതിൽ ഐടി ജീവനക്കാർ, മെഡിക്കൽ ജീവനക്കാർ, അക്കാദമിക്കുകൾ, വിദ്യാർത്ഥികൾ, തൊഴിലന്വേഷിക്കുന്നവർ തുടങ്ങിയവരെല്ലാം ഉൾപെടുന്നു.
സോഷ്യൽ മീഡിയകളേക്കാൾ സുരക്ഷിതത്വം ഡേറ്റിംഗ് പ്ലാറ്റ്ഫോമുകൾ നൽകുന്നുണ്ടെന്നാണ് സ്ത്രീകളിൽ ഭൂരിഭാഗംപേരും അഭിപ്രായപ്പെടുന്നത്.
ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യമാണ് ഡേറ്റിങ് ആപ്പുകൾ നൽകുന്നതെന്നും വിലയിരുത്തലുണ്ട്.
ചെറിയൊരു പ്രശ്നം നേരിട്ടാൽ പോലും അത്തരം പരാതികളോട് ഡേറ്റിങ് ആപ്പുകളുടെ ഭാഗത്തു നിന്ന് വളരെ വേഗത്തിലുള്ള പ്രതികരണമാണ് വരുന്നതെന്ന് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയതായി പഠനം പറയുന്നു.
ഡേറ്റിങ് ആപ്പിൽ ആയതിനാൽ മാത്രം പ്രശ്നക്കാരായ ആളുകളുടെ അക്കൗണ്ടുകൾ വേഗത്തിൽ നീക്കം ചെയ്യപ്പെടാറുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു.
ഇത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സാധ്യമല്ല. ഇക്കാരണത്താൽ ആളുകളെ വെറുതെ കാണുന്നതിനായാലും ഡേറ്റിങ്ങിനായാലും ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നതിന് കൂടുതൽ സൗകര്യം അനുഭവപ്പെടുന്നതായും സ്ത്രീകൾ അഭിപ്രായപ്പെട്ടു.
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമുമെല്ലാം യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നതെന്നും അത് വച്ചുനോക്കുമ്പോൾ ഡേറ്റിംഗ് ആപ്പുകളാണ് സെക്യൂരിറ്റിയുടെ കാര്യത്തിൽ കുറച്ചുകൂടി മികച്ചതെന്നു മാണ് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരുടെയും അഭിപ്രായം എന്നും ക്വാക് ക്വാക് റിപോർട്ട് ചെയ്യുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.