ഗുരുവായൂര്‍: ഗുരുവായൂരിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകും. ദേവസ്വം, മുനിസിപ്പാലിറ്റി, പോലീസ് എന്നിവരുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. ക്ഷേത്രപരിസരത്ത് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിൽ നിന്ന് ഭക്തരെ തടയും. തീർത്ഥാടകർക്ക് നായ്ക്കളുടെ കടിയേറ്റതിനെ തുടർന്നാണ് നടപടി.
തിങ്കളാഴ്ച ദർശനത്തിനെത്തിയ എട്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. മൂന്ന് വർഷം മുമ്പ് ക്ഷേത്രപരിസരത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് എബിസി പദ്ധതി പ്രകാരം വന്ധ്യംകരണ പദ്ധതി നടത്തിയിരുന്നു. കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ 2021 ഡിസംബര്‍ 17ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തെരുവുനായ് പ്രജനന നിയന്ത്രണ പദ്ധതികള്‍ നിര്‍ത്തിവെക്കാന്‍ കുടുംബശ്രീ അധികൃതര്‍ നിര്‍ദേശം നല്‍കി. എ.ബി.സി പദ്ധതിക്കായി നഗരസഭ വിഹിതം നീക്കിവച്ചിട്ടുണ്ടെങ്കിലും കോടതിയുടെ സ്റ്റേ ഒരു തടസ്സമാണെന്ന് ചെയർമാൻ എം.കൃഷ്ണദാസ് പറഞ്ഞു.
അതേസമയം, ദർശനത്തിനെത്തിയ ഭക്തർ ഉൾപ്പെടെ എട്ട് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ ഭക്തരെ കടിച്ച നായ ചാവുകയും ചെയ്തു. മണ്ണുത്തി വെറ്ററിനറി കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ എല്ലാവർക്കും വാക്സിൻ നൽകിയിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണ്. ചത്ത നായ കൂടുതൽ നായ്ക്കളെ കടിച്ചിട്ടുണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഒരു കൂട്ടം തെരുവുനായ്ക്കൾ ക്ഷേത്രപരിസരത്ത് വിഹരിക്കുന്നുണ്ട്. തെരുവുനായയുടെ കടിയേറ്റവർ ഉടൻ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നും നിർദ്ദേശിച്ച പ്രകാരം കൂടുതൽ വാക്സിനുകൾ സ്വീകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.