വാടകവീടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം; ബെംഗളൂരുവിൽ ഏഴ് സ്ത്രീകൾ പിടിയിൽ

ബെംഗളൂരു: നഗരത്തിലെ വിവിധയിടങ്ങളിൽ വാടകവീടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം നടത്തിവന്ന ഏഴ് സ്ത്രീകളെ ബെംഗളൂരു സിറ്റി പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ സി.സി.ബി നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. ഇവരുടെ കെണിയിൽപ്പെട്ട അഞ്ച് സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു.

കാമാക്ഷിപാളയ പോലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീഗന്ധ കാവൽ മദ്ദൂരമ്മ ലേഔട്ട്, വിദ്യാരണ്യപുര പോലീസ് സ്റ്റേഷൻ പരിധിയിലെ ടെമ്പിൾ റോഡ്, ബസവേശ്വര നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബി.ഇ.എം.എൽ ലേഔട്ട് എന്നിവിടങ്ങളിലെ വാടകവീടുകളിലാണ് പോലീസ് ഒരേസമയം പരിശോധന നടത്തിയത്. മറ്റ് സ്ത്രീകളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും വേശ്യാവൃത്തിക്ക് നിർബന്ധിച്ചതിനാണ് പിടിയിലായ ഏഴ് സ്ത്രീകൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

കൂടുതൽ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ഈ സംഘം നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഫോൺ മുഖേനയാണ് ഇവർ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. തുടർന്ന് തങ്ങൾ വാടകയ്‌ക്കെടുത്ത വീടുകളിലേക്ക് ഇവരെ വിളിച്ചുവരുത്തിയാണ് പെൺവാണിഭം നടത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാമാക്ഷിപാളയ, വിദ്യാരണ്യപുര, ബസവേശ്വര നഗർ പോലീസ് സ്റ്റേഷനുകളിൽ പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകളുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts