ഔട്ടർ റിംഗ് റോഡിൽ ബസ് മുൻഗണനാ പാതകൾ തിരിച്ചുവരുന്നു; കൂടാതെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ വിപുലമായ പദ്ധതികൾ

ബെംഗളൂരു: നഗരത്തിലെ പ്രധാന ഗതാഗത തടസ്സ കേന്ദ്രമായ ഔട്ടർ റിംഗ് റോഡിലെ (ORR) കുരുക്ക് അഴിക്കാൻ ബസ് മുൻഗണനാ പാതകൾ (BPL) പുനഃസ്ഥാപിക്കുന്നു. സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കാനും ഒറ്റയാൾ യാത്രക്കാരുള്ള വാഹനങ്ങളെ നിരുത്സാഹപ്പെടുത്താനുമാണ് അധികൃതരുടെ നീക്കം.

ട്രാഫിക് പോലീസ്, ബി.എം.ടി.സി, മെട്രോ റെയിൽ കോർപ്പറേഷൻ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA), ഐടി കമ്പനികളുടെ കൂട്ടായ്മയായ ഒ.ആർ.ആർ.സി.എ (ORRCA) എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പഴയ രൂപത്തിൽ നിന്നും മാറി, ബസ് മുൻഗണനാ പാതകളെ ‘ഹൈ ഒക്യുപ്പൻസി വെഹിക്കിൾ’ (HOV) ലെയ്നുകളായി മാറ്റാനാണ് ജോയിന്റ് പോലീസ് കമ്മീഷണർ കാർത്തിക് റെഡ്ഡി നിർദ്ദേശിച്ചത്. ഇതുവഴി ബസുകൾക്ക് പുറമെ മൂന്നിലധികം യാത്രക്കാരുള്ള സ്വകാര്യ വാഹനങ്ങൾക്കും ഈ പ്രത്യേക പാത ഉപയോഗിക്കാൻ സാധിക്കും.

  വൈകുന്നേരങ്ങളിലെ തണുത്ത കാറ്റും കറുത്ത ആകാശവും കനത്ത മഴയും; പെട്ടെന്ന് മാറിയ ബെംഗളൂരു കാലാവസ്ഥയ്ക്ക് പിന്നിൽ!

കോവിഡ് ലോക്ക്ഡൗണിന് മുൻപ് നടപ്പിലാക്കിയ ബസ് പാതകൾ യാത്രാസമയത്തിൽ 15 മിനിറ്റ് ലാഭമുണ്ടാക്കിയതായും യാത്രക്കാരുടെ എണ്ണത്തിൽ 4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായും ബി.എം.ടി.സി ചീഫ് ട്രാഫിക് മാനേജർ ജി.ടി. പ്രഭാകർ റെഡ്ഡി ചൂണ്ടിക്കാട്ടി. നിലവിൽ നാലായിരത്തോളം ബസുകളാണ് ഔട്ടർ റിംഗ് റോഡിലൂടെ സർവീസ് നടത്തുന്നത്. ഐടി പാർക്കുകളിലേക്ക് പ്രത്യേക ബസ് സർവീസുകൾ പുനരാരംഭിക്കാൻ കമ്പനികൾ മുന്നോട്ട് വരണമെന്ന് ബി.എം.ടി.സി മാനേജിംഗ് ഡയറക്ടർ ശിവകുമാർ കെ.ബി ആവശ്യപ്പെട്ടു. ജീവനക്കാർക്ക് കുറഞ്ഞ നിരക്കിൽ ബസ് പാസുകൾ നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.

കെ.ആർ. പുരം മുതൽ സെൻട്രൽ സിൽക്ക് ബോർഡ് വരെയുള്ള ഔട്ടർ റിംഗ് റോഡിന്റെ വികസനത്തിനായി അനുവദിച്ച 400 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാകും ബസ് പാതകളും നിർമ്മിക്കുക. റോഡ് ടാറിംഗ്, ഫുട്പാത്ത് നവീകരണം എന്നിവയ്ക്കൊപ്പം ബസ് പാതകളും പശ്ചാത്തല സൗകര്യത്തിന്റെ ഭാഗമാക്കും. ഇതിനായുള്ള ടെൻഡർ നടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കി കാലവർഷത്തോടെ നിർമ്മാണം ആരംഭിക്കുമെന്ന് ബി-സ്മൈൽ ഇൻഡിപെൻഡന്റ് ഡയറക്ടർ ആർ.കെ മിശ്ര അറിയിച്ചു. മെട്രോ നിർമ്മാണം കാരണമാണ് നേരത്തെ ഇത് വൈകിയത്.

  അടുത്ത 5 ദിവസം ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടിനും ശക്തമായ കാറ്റിനും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

വിമാനത്താവളത്തിലേക്കുള്ള നമ്മ മെട്രോ ബ്ലൂ ലൈൻ ഈ വർഷം അവസാനത്തോടെ പ്രവർത്തനക്ഷമമാകും. ഇതിനുശേഷം മേഖലയിൽ ‘ഗതാഗത നികുതി’ (Congestion Tax) ഏർപ്പെടുത്തുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇതിനിടെ, ഇബ്ലൂർ ജംഗ്ഷന്റെ പൂർണ്ണമായ പുനർനിർമ്മാണവും മരത്തഹള്ളി റെയിൻബോ ഹോസ്പിറ്റലിന് സമീപം പുതിയ ഫ്ലൈ ഓവറും നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന് ജി.ബി.എ ചീഫ് എം. മഹേശ്വർ റാവു വ്യക്തമാക്കി. വിവിധ ഏജൻസികളുടെ ഏകോപിതമായ ഈ നീക്കം ഔട്ടർ റിംഗ് റോഡിലെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഐടി മേഖല.

  കുറഞ്ഞ വിലയിൽ കേരള സർക്കാർ മദ്യം 'മിന്നൽ മാജിക്' ഉടൻ വിപണിയിലേക്ക്; ഒരു കുപ്പി വില അറിയാൻ വായിക്കാം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts