സംസ്ഥാനത്ത് ഹിജാബ് നിരോധനം പിൻവലിച്ചു; ക്ലാസ് മുറികളിൽ ആചാരപരമായ വസ്ത്രങ്ങൾ ധരിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ്

ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള മുൻ ബിജെപി സർക്കാരിന്റെ വിവാദ ഉത്തരവ് കോൺഗ്രസ് സർക്കാർ പിൻവലിച്ചു. നിശ്ചിത യൂണിഫോമിനൊപ്പം “പരിമിതമായ രീതിയിലുള്ള പരമ്പരാഗതവും ആചാരപരവുമായ അടയാളങ്ങൾ” ധരിക്കാൻ വിദ്യാർത്ഥികളെ അനുവദിച്ചുകൊണ്ട് ബുധനാഴ്ച സർക്കാർ പുതിയ ഉത്തരവിറക്കി.

2022 ഫെബ്രുവരിയിലാണ് അന്നത്തെ ബിജെപി സർക്കാർ ഹിജാബ് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. യൂണിഫോം ചട്ടങ്ങൾ ലംഘിച്ച് ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം വിദ്യാർത്ഥിനികളെ ക്ലാസിൽ പ്രവേശിപ്പിക്കാതിരുന്നത് വലിയ അന്താരാഷ്ട്ര വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് വിഷയം കോടതിയിലെത്തുകയും, ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മതത്തിലെ അവിഭാജ്യ ഘടകമല്ലെന്ന് ചൂണ്ടിക്കാട്ടി കർണാടക ഹൈക്കോടതി നിരോധനം ശരിവെക്കുകയും ചെയ്തു. എന്നാൽ സുപ്രീം കോടതിയിൽ ഈ വിഷയത്തിൽ ഭിന്നവിധി ഉണ്ടായതിനെത്തുടർന്ന് കേസ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി വിട്ടിരിക്കുകയായിരുന്നു.

  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ

അടുത്തിടെ നടന്ന ദാവൺഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്‌ലിം നേതാക്കൾക്കിടയിലുണ്ടായ അതൃപ്തി പരിഹരിക്കാനാണ് സർക്കാരിന്റെ ഈ പെട്ടെന്നുള്ള നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി സമർത്ഥ് ശാമന്നൂർ മല്ലികാർജുൻ കഷ്ടിച്ച് 5,700 വോട്ടുകൾക്കാണ് ജയിച്ചത്. മുസ്‌ലിം വോട്ടുകളിലുണ്ടായ ഭിന്നിപ്പാണ് ഭൂരിപക്ഷം കുറയാൻ കാരണമെന്ന് പാർട്ടി വിലയിരുത്തിയിരുന്നു. കോൺഗ്രസ് അധികാരത്തിൽ വന്ന് മൂന്ന് വർഷമായിട്ടും ഹിജാബ് പ്രശ്നം പരിഹരിച്ചില്ലെന്ന് നേതാക്കൾ സർക്കാരിനെ ഓർമ്മിപ്പിച്ചിരുന്നു.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

സ്‌കൂൾ വിദ്യാഭ്യാസ സാക്ഷരതാ മന്ത്രി മധു ബംഗാരപ്പ, ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു, റിസ്‌വാൻ അർഷാദ് എംഎൽഎ എന്നിവർ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഇതോടെ വർഷങ്ങളായി നീണ്ടുനിന്ന ഹിജാബ് വിവാദത്തിന് കർണാടകയിൽ താൽക്കാലികമായി അന്ത്യമാകുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
[masterslider id="10"]

Related posts