സംസ്ഥാനത്തെ വഖഫ് ഭൂമി പ്രശ്‌നം ജെ.പി.സി. അധ്യക്ഷൻ ഇന്നെത്തും ; പരാതി കേൾക്കും

ബെംഗളൂരു : വഖഫ് ബിൽ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ രൂപവത്കരിച്ച സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി.) അധ്യക്ഷൻ ജഗദംബിക പാൽ വ്യാഴാഴ്ച കർണാടകത്തിലെത്തും.

സംസ്ഥാനത്ത് വഖഫ് ഭൂമിയാണെന്നു പറഞ്ഞ് ഏറ്റെടുക്കാനായി റവന്യൂ വകുപ്പ് നോട്ടീസ് നൽകിയ കർഷകരെ കാണും.

ഭൂമി ഏറ്റെടുക്കുന്നതിനെതിരേ കർഷകരും ബി.ജെ.പി.യും പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ജെ.പി.സി. അധ്യക്ഷനെത്തുന്നത്.

ജെ.പി.സി. അംഗംകൂടിയായ ബി.ജെ.പി. എം.പി. തേജസ്വി സൂര്യ ആവശ്യപ്പെട്ടതനുസരിച്ചാണ് സന്ദർശനം.

വിജയപുരയിലും ഹുബ്ബള്ളിയിലുമെത്തി ജഗദംബിക പാൽ നോട്ടീസ് ലഭിച്ച കർഷകരെ കാണുമെന്നും പരാതികൾ സ്വീകരിക്കുമെന്നും തേജസ്വി സൂര്യ അറിയിച്ചു.

വിജയപുര, ഹാവേരി, ധാർവാഡ് ജില്ലകളിലാണ് കർഷകർ പരമ്പരാഗതമായി കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഭൂമി വഖഫ് ഭൂമിയായി ഏറ്റെടുക്കുന്നതിന് താമസക്കാർക്ക് നോട്ടീസ് നൽകിയത്.

ഇതിനെതിരേ വലിയ പ്രതിഷേധമുയർന്നതിനെത്തുടർന്ന് നോട്ടീസുകൾ സർക്കാർ പിൻവലിച്ചിരുന്നു. കർഷകരുടെ ഭൂമി ഒഴിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുംനൽകിയിരുന്നു.

പക്ഷേ, പ്രതിഷേധത്തിൽനിന്ന് ബി.ജെ.പി. പിൻമാറിയിട്ടില്ല. കർണാടക വഖഫ് ബോർഡിന്റെ ഭൂമിരജിസ്‌ട്രേഷനുകൾ നിർത്തിവെക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ആർ. അശോക കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ജെ.പി.സി. അധ്യക്ഷൻ ജഗദംബിക പാലിനും കത്തയച്ചു.

അതിനിടെ, വഖഫ് ഭൂമി പ്രശ്നത്തിൽ വിജയപുര ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിനുമുൻപിൽ ബി.ജെ.പി. അനിശ്ചിതകാല സമരം തുടങ്ങി.

കേന്ദ്രമന്ത്രി ശോഭാ കരന്തലജെ, വിജയപുര എം.എൽ.എ. ബസനഗൗഡ പാട്ടീൽ യത്നൽ എന്നിവർ സമരത്തിൽ സംബന്ധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us