മെട്രോ ട്രെയിനിനുമുൻപിൽ ചാടിയ യുവാവിനെ സുരക്ഷാജീവനക്കാർ രക്ഷിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽ മെട്രോ ട്രെയിനിനുമുൻപിൽ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി. ബിഹാർ സ്വദേശിയായ 30-കാരനാണ് സുരക്ഷാജീവനക്കാരുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെട്ടത്.

പർപ്പിൾ ലൈനിലെ ജ്ഞാനഭാരതി മെട്രോ സ്റ്റേഷനിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം 2.13-നാണ് ഇയാൾ ട്രെയിനിനുമുൻപിലേക്ക് ചാടിയത്.

ഉടൻ സുരക്ഷാജീവനക്കാർ പാളത്തിലേക്ക് വൈദ്യുതി പ്രവഹിക്കുന്നത് വിച്ഛേദിക്കുന്നതിനുള്ള എമർജൻസി ട്രിപ്പ് സിസ്റ്റം പ്രവർത്തിപ്പിക്കുകയായിരുന്നു.

750 വോൾട്‌സ് വൈദ്യുതിപ്രവഹിക്കുന്ന പാളമാണ് മെട്രോയുടേത്. വൈദ്യുതപ്രവാഹം നിലച്ചതോടെ ട്രെയിൻ നിശ്ചലമായി. ഉടൻ ഇയാളെ പാളത്തിൽനിന്ന് പുറത്തെടുത്തു.

കാര്യമായ പരിക്കേറ്റിട്ടില്ലെന്ന് മെട്രോറെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു.

സംഭവത്തെത്തുടർന്ന് പർപ്പിൾ ലൈനിൽ (വൈറ്റ് ഫീൽഡ്-ചല്ലഘട്ട) 17 മിനിട്ട് മെട്രോഗതാഗതം തടസ്സപ്പെട്ടു.

ഈസമയം മൈസൂരുറോഡ് സ്റ്റേഷനിൽ അവസാനിക്കുന്ന രണ്ട് മെട്രോ ട്രെയിനുകൾ താത്കാലികമായി സർവീസ് നടത്തി. രണ്ടരയോടെ ഗതാഗതം പൂർവസ്ഥിതിയിലായി.

നമ്മ മെട്രോ പാളത്തിൽ ഈ വർഷം സമാനമായുണ്ടായ നാലാമത്തെ സംഭവമാണിത്. ജനുവരി അഞ്ചിന് മലയാളിയുവാവ് ജാലഹള്ളി സ്റ്റേഷനിൽ പാളത്തിലേക്കുചാടി പരിക്കേറ്റിരുന്നു.

ജൂൺ 10-ന് ഹൊസഹള്ളി മെട്രോ സ്റ്റേഷനിൽ പാളത്തിലേക്കുചാടിയയാൾ തലയ്ക്ക് പരിക്കുകളോടെ രക്ഷപ്പെട്ടു. മാർച്ച് 21-ന് 19-കാരനായ നിയമവിദ്യാർഥി ദീപാഞ്ജലി നഗർ മെട്രോസ്റ്റേഷനിൽ പാളത്തിലേക്കുചാടി മരിച്ച സംഭവമുണ്ടായി.

മെട്രോ സ്റ്റേഷനുകളിൽ ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത് ഒഴിവാക്കാൻ പ്ലാറ്റ്‌ഫോമുകളിൽ സ്റ്റീലുകൊണ്ടുള്ള വേലികൾ സ്ഥാപിക്കാൻ ബി.എം.ആർ.സി.എൽ. പദ്ധതി തയ്യാറാക്കിയിരുന്നു.

മെജസ്റ്റിക് സ്റ്റേഷനിലും സെൻട്രൽ കോളേജ് സ്റ്റേഷനിലും സ്ഥാപിക്കുകയുംചെയ്തു. മറ്റുസ്റ്റേഷനുകളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതിന് പിന്നീട് നടപടിയുണ്ടായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us