ബെംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ പരാമർശങ്ങളില്‍ കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പോലീസ്.
കർണാടക കോണ്‍ഗ്രസ് സമർപ്പിച്ച പരാതിയിന്മേലാണ് നടപടി.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 353 (2), 192, 196 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയെ ഭീകരവാദിയെന്ന് കേന്ദ്രമന്ത്രി അധിക്ഷേപിച്ചിരുന്നു.
രാഹുലിന്റെ അമേരിക്കൻ സന്ദർശനത്തിലെ പരാമർശങ്ങളില്‍ പ്രതികരിക്കവെയായിരുന്നു അദ്ദേഹം രാഹുലിനെതിരെ രൂക്ഷഭാഷയില്‍ സംസാരിച്ചത്.
രാഹുല്‍ ഗാന്ധി രാജ്യത്തെ നമ്പർ വണ്‍ ഭീകരവാദിയാണെന്നും അദ്ദേഹം ഇന്ത്യക്കാരനല്ലെന്നുമായിരുന്നു മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞത്.
പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ബി.ജെ.പിയില്‍ ചേരുന്നത്.
തുടർന്ന് മൂന്നാം മോദി മന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രിയായും ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു.
വാഷിങ്ടണിലെ ജോർജ്ടൗണ്‍ സർവകലാശാലയില്‍ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.
സിഖ് സമുദായക്കാർക്ക് തലപ്പാവും വളയും ധരിക്കാനും ഗുരുദ്വാരയില്‍ പോകാനും അനുവാദമില്ലാത്ത സാഹചര്യമാണ് ഇന്ത്യയില്‍ സംജാതമാകുന്നതെന്ന് രാഹുല്‍ പറഞ്ഞു.
ഇതിനുവേണ്ടിയാണ് പോരാട്ടമെന്നും ഇത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം പ്രശ്നമല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.