മണ്ഡ്യയിൽ ഗണേശനിമജ്ജന ഘോഷയാത്രയ്ക്കിടെ അക്രമം; മൂന്നുപേർകൂടി അറസ്റ്റിൽ

ബെംഗളൂരു : മണ്ഡ്യയിലെ നാഗമംഗലയിൽ ഗണേശോത്സവത്തിന്റെ ഭാഗമായി നടന്ന വിഗ്രഹനിമജ്ജന ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരെക്കൂടി അറസ്റ്റുചെയ്തു.

ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 55 ആയി. കഴിഞ്ഞദിവസം അറസ്റ്റിലായ 52 പേരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

സംഭവവുമായി ബന്ധപ്പെട്ട് നാഗമംഗല ടൗൺ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അശോക് കുമാറിനെ സസ്പെൻഡ് ചെയ്തു.

രണ്ടുവിഭാഗം തമ്മിലുണ്ടായ സംഘർഷത്തിനിടെ കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതിനാലാണ് നടപടിയെന്ന് മണ്ഡ്യ എസ്.പി. മല്ലികാർജുൻ ബൽദണ്ഡി പറഞ്ഞു.

പ്രദേശത്ത് സ്ഥിതി നിയന്ത്രണവിധേയമായെങ്കിലും ശനിയാഴ്ചവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതലിനായി കൂടുതൽ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ടെന്നും എസ്.പി. പറഞ്ഞു.

ബുധനാഴ്ച രാത്രി ഒൻപതു മണിയോടെ മൈസൂരു-നെലമംഗല റോഡിൽ നടന്ന ഘോഷയാത്രയ്ക്കിടെയാണ് അക്രമമുണ്ടായത്.

പ്രദേശത്തെ ദർഗയുടെ മുന്നിൽ ഘോഷയാത്രയെത്തിയപ്പോൾ ഇരുവിഭാഗം തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. പ്രദേശത്തെ കടകൾക്കും വാഹനങ്ങൾക്കും തീയിടുകയും ചെയ്തിരുന്നു. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി വെള്ളിയാഴ്ച സംഘർഷസ്ഥലം സന്ദർശിച്ചു. ക്രമസമാധാനനില തകർന്നതിന്റെ തെളിവാണ് സംഭവമെന്ന് കുമാരസ്വാമി പിന്നീട് എക്സിൽ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us