ബെംഗളൂരു : ‘മുഡ’ കേസിൽ കുറ്റവിചാരണചെയ്യാൻ ഗവർണർ താവർചന്ദ് ഗഹ്ലോത് അനുമതി നൽകിയതിനെ ചോദ്യംചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം തിങ്കളാഴ്ചത്തേക്കു നീട്ടി.
ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ സിദ്ധരാമയ്യക്കെതിരേയുള്ള ഹർജികളിലെ നടപടി തടഞ്ഞ ഇടക്കാലവിധിയുടെ കാലാവധിയും അന്നത്തേക്കു നീട്ടി ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് ഉത്തരവിട്ടു.
ശനിയാഴ്ച ഗവർണറുടെ ഓഫീസിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർമേത്ത ഹാജരായി.
സിദ്ധരാമയ്യയെ വിചാരണചെയ്യാൻ അനുമതി നൽകിയത് വിഷയത്തിന്റെ എല്ലാവശങ്ങളും ആലോചിച്ചശേഷം തന്നെയാണെന്ന് അദ്ദേഹം വാദിച്ചു.
എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് ഉത്തരവിട്ടതെന്നും അറിയിച്ചു. അനുമതി നൽകരുതെന്ന മന്ത്രിസഭാതീരുമാനം ഗവർണർ കണക്കിലെടുക്കേണ്ടതില്ലെന്നും വാദിച്ചു.
മുഖ്യമന്ത്രിക്കെതിരേ ആരോപണമുയരുമ്പോൾ മന്ത്രിസഭയുടെ ഉപദേശവും സഹായവും ഗവർണർ സ്വീകരിക്കണമെന്ന് പറയാനാവില്ലെന്നും ചൂണ്ടിക്കാട്ടി.
ഗവർണറുടേത് വേണ്ടത്ര ആലോചിക്കാതെയെടുത്ത തീരുമാനമാണെന്നും മന്ത്രിസഭാതീരുമാനം ഗഹ്ലോത് അംഗീകരിക്കേണ്ടതായിരുന്നെന്നും വ്യാഴാഴ്ച നടന്ന വാദത്തിനിടെ സിദ്ധരാമയ്യക്കുവേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്വി വാദിച്ചിരുന്നു.
സിദ്ധരാമയ്യക്കെതിരേ ഗവർണർക്ക് പരാതി നൽകിയവർക്കുവേണ്ടി ഹാജരായ അഭിഭാഷകരും വാദങ്ങൾ ഉന്നയിച്ചു. ശനിയാഴ്ച രാവിലെ തുടങ്ങിയ വാദം വൈകുന്നേരംവരെ നീണ്ടു. തുടർന്നാണ് ഹർജി തിങ്കളാഴ്ചത്തേക്കു മാറ്റിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.