ബെംഗളൂരു: കനത്തമഴയിൽ റോഡിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് തിങ്കളാഴ്ച രാവിലെ നഗരത്തിലെ ചില സ്ഥലങ്ങളിൽ കുട്ടികളെയും കൊണ്ടുപോയ സ്കൂൾ ബസുകൾ വെള്ളക്കെട്ടിൽ ക്കുടുങ്ങി.
കുന്ദലഹള്ളിക്കും തുബരഹള്ളിക്കും ഇടയിൽ വെള്ളക്കെട്ടിൽ വാഹനം നിന്നു പോയതിനെത്തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
ഔട്ടർ റിങ് റോഡിൽ നാഗവാര ജങ്ഷനും ഹെബ്ബാളിനും ഇടയിലും ഹെബ്ബാൾ മേൽപ്പാലത്തിന്റെ റാംപുകളിലും വീരസാന്ദ്രയിലും വലിയതോതിൽ വെള്ളക്കെട്ടുണ്ടായി.
റോഡിലെ വെള്ളക്കെട്ട് കാരണം ബെന്നാർഘട്ട റോഡ്, മടിവാള, രൂപേന അഗ്രഹാര, ജയദേവ അടിപ്പാത എന്നിവിടങ്ങളിൽ രാവിലെ പത്തുമണിയോടെ വൻ ഗതാഗതക്കുരുക്കുണ്ടായി.
ഇതേത്തുടർന്ന് സിൽക്ക് ബോർഡ് മേൽപ്പാലത്തിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.
സർജാപുര മെയിൻ റോഡിൽ അഗര ക്ഷേത്രം മുതൽ റെയിൻബോ ഡ്രൈവ് വരെ വാഹനങ്ങൾ കുടുങ്ങി.
മാറത്തഹള്ളി, വർത്തൂർ കൊടി, കല്യാൺനഗർ, കസ്തൂരിനഗർ അണ്ടർപാസ്, പുട്ടെനഹള്ളി, എം.എസ്. പാളയ, സക്ര ആശുപത്രി റോഡ്, ബെലന്ദൂർ എന്നിവിടങ്ങളിലും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
ബലഗെരെയെയും മാറത്തഹള്ളിയേയും ബന്ധിപ്പിക്കുന്ന റോഡ് തോടു പോലെയായി.
ബൃഹത് ബെംഗളൂരു കോർപ്പറേഷന്റെ (ബി.ബി.എം.പി.) ഹെൽപ്പ് ലൈനിലേക്ക് ഒട്ടേറെ പരാതികളാണ് ലഭിച്ചത്.
വർത്തൂർ, ഗുഞ്ചൂർ, ബലഗെരെ, മഹാദേവപുര എന്നിവിടങ്ങളിൽ സ്ഥിതി വളരെ രൂക്ഷമായിരുന്നു. പനത്തൂർ റെയിൽവേ അടിപ്പാതയിൽ വൻതോതിൽ വെള്ളക്കെട്ടുണ്ടായി.
മഴയെത്തുടർന്ന് പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണും വാഹന ഗതാഗതം തടസ്സപ്പെട്ടു.
ബെംഗളൂരുവിൽ മഴ പെയ്യുമ്പോൾ വെള്ളക്കെട്ട് രൂപപ്പെടുന്നതിൽ കോൺഗ്രസ് സർക്കാരിനെ വിമർശിച്ച് ബി.ജെ.പി. നേതാക്കൾ രംഗത്തെത്തി.
ബെംഗളൂരുവിനെ ലണ്ടൻ പോലെയാക്കുമെന്നാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തതെന്നും എന്നാൽ വെനീസ് പോലെയാണ് ആയതെന്നും ബി.ജെ.പി. എം.പി. പി.സി. മോഹൻ പറഞ്ഞു.
നഗരത്തിൽ കോർപ്പറേഷൻ ഭരണത്തിന്റെ അനാസ്ഥയാണ് വെള്ളക്കെട്ടിന് കാരണമെന്ന് തേജസ്വി സൂര്യ എം.പി. ആരോപിച്ചു.
വെള്ളക്കെട്ടുമൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സന്ദർശനം നടത്തി.
അപ്പാർട്ട്‌മെന്റുകളിലും വീടുകളിലും വെള്ളം കയറുന്നത് പരിഹരിക്കാമെന്ന് ശിവകുമാർ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ രൂക്ഷമാണെന്നും മലയോര ജില്ലകളിൽ മഴ ശക്തമായതിനാലാണ് അണക്കെട്ടുകൾ വേഗത്തിൽ നിറയുന്നതെന്നും ശിവകുമാർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.