‘മുഡ’ ഭൂമിയിടപാട് : ഗവർണറുടെ നടപടിക്കുകാത്ത് സർക്കാർ; ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു : മൈസൂരു അർബൻ വികസന അതോറിറ്റി (മുഡ) ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരേയുയർന്ന ആരോപണങ്ങളെ സംസ്ഥാനസർക്കാരും കോൺഗ്രസും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

തനിക്കെതിരേ ഗവർണർനൽകിയ കാരണംകാണിക്കൽ നോട്ടീസ് പിൻവലിക്കണമെന്ന് മന്ത്രിസഭായോഗം ആവശ്യപ്പെട്ടിരുന്നു. ഇത് ഗവർണറുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. തുടർനടപടി കാത്തിരിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

മന്ത്രിസഭയുടെ നിർദേശപ്രകാരം ഗവർണർ നോട്ടീസ് പിൻവലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അങ്ങനെയുണ്ടായില്ലെങ്കിൽ കേസിനെ സർക്കാർ നിയമപരമായി നേരിടുമെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.

സിദ്ധരാമയ്യയുടെപേരിൽ നിയമനടപടിയെടുക്കാത്തതിന്റെ കാരണം ആവശ്യപ്പെട്ടാണ് ഗവർണർ നോട്ടീസയച്ചത്.

അഴിമതിവിരുദ്ധ പ്രവർത്തകനും മലയാളിയുമായ ടി.ജെ. അബ്രാഹം നൽകിയ പരാതിയിലായിരുന്നു ഗവർണറുടെ നടപടി.

സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് ‘മുഡ’ മൈസൂരുവിൽ 14 പ്ലോട്ടുകൾ അനുവദിച്ചത് സിദ്ധരാമയ്യയുടെ സ്വാധീനത്തിലാണെന്നും ഇത് അഴിമതിയാണെന്നുമാണ് ആരോപണം.

രാഷ്ട്രീയപ്രേരിത ആരോപമാണെന്നുപറഞ്ഞ് ഹൈക്കമാൻഡ് സിദ്ധരാമയ്യക്ക് പിന്തുണയറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us