ബെംഗളൂരു: സർക്കാറിന് കീഴിലെ മഹർഷി വാല്മീകി പട്ടികജാതി വികസന കോർപറേഷൻ അഴിമതി കേസിലെ മുഖ്യപ്രതിയുടെ വീട്ടില്‍ നിന്ന് 10 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു.
മുഖ്യപ്രതി സത്യനാരായണ വർമയുടെ ഹൈദരാബാദിലെ വീട്ടില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സ്വർണക്കട്ടി പിടിച്ചെടുത്തത്.
വാല്‍മീകി അഴിമതിയില്‍ നിന്ന് സ്വരൂപിച്ച പണം കൊണ്ടാണ് വർമ സ്വർണം വാങ്ങിയതെന്ന് പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തി.
എസ്.ഐ.ടിയുടെ ചോദ്യം ചെയ്യലില്‍ 15 കിലോഗ്രാം സ്വർണം കൈവശമുണ്ടെന്ന് വർമ മൊഴി നല്‍കിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രഹസ്യമായി ഒളിപ്പിച്ച 10 കിലോ സ്വർണക്കട്ടി കണ്ടെടുത്തത്.
ശേഷിക്കുന്ന അഞ്ച് കിലോഗ്രാം സ്വർണ ബിസ്‌ക്കറ്റുകള്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എസ്.ഐ.ടി. അഴിമതി പണം കൊണ്ട് വർമ ആകെ 35 കിലോ സ്വർണ ബിസ്‌ക്കറ്റുകള്‍ സ്വന്തമാക്കിയെന്നാണ് ലഭിക്കുന്ന വിവരം.
അറസ്റ്റിലാകുന്നതിന് മുമ്പ് വർമ പണവും സ്വർണവും ഒളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനായി ബംഗളൂരുവിലേക്ക് മാറ്റിയപ്പോള്‍, വർമ തന്‍റെ റിയല്‍ എസ്റ്റേറ്റ് ഇടപാടിനെ കുറിച്ചും ഫണ്ടിനെ കുറിച്ചും വ്യക്തമാക്കിയിരുന്നു.
തുടർന്നാണ് കോടതി പുറപ്പെടുവിച്ച സെർച്ച് വാറന്‍റുമായി എസ്.ഐ.ടി ഹൈദരാബാദിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
ഹൈദരാബാദിലെ മേപുരയിലെ സീമ ടൗണിലുള്ള വാസവി ബില്‍ഡേഴ്‌സില്‍ രണ്ട് വീതം ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടെ 11 ഫ്ളാറ്റുകള്‍ വാങ്ങിയതിന്‍റെ രേഖകള്‍ പരിശോധനയില്‍ കണ്ടെത്തി.
കൂടാതെ, ഹൈദരാബാദിലെ ഫ്ലാറ്റില്‍ ഒളിപ്പിച്ച എട്ട് കോടി രൂപയും ബാഗില്‍ സൂക്ഷിച്ച എട്ട് കോടി രൂപയും കണ്ടെടുത്തു.
വാല്‍മീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരെ എസ്.ഐ.ടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതില്‍ 9 പേർ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡിലാണ്. മൂന്നു പേർ വിശദ അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലാണ്.
ഗോത്ര സമുദായങ്ങള്‍ക്കുള്ള ഫണ്ട് കൈമാറ്റത്തിനും വിവിധ വികസന പ്രവർത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമായി കർണാടക സർക്കാറിന് കീഴില്‍ രൂപവത്കരിച്ചതാണ് മഹർഷി വാല്മീകി എസ്.ടി ഡെവലപ്മെന്റ് കോർപറേഷൻ.
ഇതിനു കീഴിലെ 94 കോടി രൂപ കർണാടകയിലെയും കർണാടകക്ക് പുറത്തെയും ചില ബാങ്കുകളിലേക്കും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലേക്കും മാറ്റിയതുമായി ബന്ധപ്പെട്ടാണ് കേസ്.
കോർപറേഷനിലെ അക്കൗണ്ടിങ് സൂപ്രണ്ടായ പി. ചന്ദ്രശേഖറിനെ ശിവമൊഗ്ഗയിലെ വസതിയില്‍ മേയ് 26ന് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
താൻ നിരപരാധിയാണെന്നും മന്ത്രി നാഗേന്ദ്രയടക്കം പല ഉന്നതരുടെയും സമ്മർദത്താലാണ് ഫണ്ട് വകമാറ്റിയതെന്നും ആത്മഹത്യക്കുറിപ്പില്‍ പരാമർശിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.