അതിവേഗ റെയിൽപദ്ധതി വേഗത്തിലാക്കി; ഇനി ചെന്നൈ-മൈസൂരു യാത്ര രണ്ടരമണിക്കൂറിൽ

ബെംഗളൂരു : ചെന്നൈക്കും മൈസൂരുവിനും ഇടയിൽ രണ്ടരമണിക്കൂർകൊണ്ട് എത്താൻസാധിക്കുന്ന അതിവേഗ റെയിൽപ്പാതാ നിർമാണത്തിന്റെ പ്രാരംഭനടപടികൾ തുടങ്ങി.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ ഒമ്പത് നഗരങ്ങളിലൂടെ 435 കിലോമീറ്റർ വരുന്നതാണ് റെയിൽപ്പാത. പദ്ധതിക്കായുള്ള സർവേയും പരിസ്ഥിതി, സാമൂഹികാഘാത പഠനങ്ങളും നടത്തിക്കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കൽ ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത്. 70 കിലോമീറ്റർ ഭാഗം കോലാർ ജില്ലയിലൂടെയാണ് കടന്നുപോകുന്നത്.

കോലാറിൽ കൃഷിഭൂമികൾ ധാരാളം ഏറ്റെടുക്കേണ്ടതിനാൽ കർഷകരുമായി അധികൃതർ ചർച്ചനടത്തിവരുകയാണ്. സ്ഥലം വിട്ടുകൊടുക്കുന്ന കർഷകർക്ക് ഭൂമിവിലയുടെ നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ വാഗ്ദാനംചെയ്തിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്.

ചെന്നൈ, പൂനമല്ലി (തമിഴ്‌നാട്), ആരക്കോണം (തമിഴ്‌നാട്), ചിറ്റൂർ (ആന്ധ്രാപ്രദേശ്), ബംഗാർപേട്ട് (കർണാടക), ബെംഗളൂരു (കർണാടക), ചന്നപട്ടണ (കർണാടക), മാണ്ഡ്യ (കർണാടക), മൈസൂരു (കർണാടക) എന്നീ സ്ഥലങ്ങളിൽ സ്റ്റേഷനുകളുണ്ടാകും.

പാലങ്ങളിലും തുരങ്കങ്ങളിലും റെയിൽപ്പാതകൾ നിർമിക്കും. അതിവേഗ റെയിൽപ്പാത വരുന്നതോടെ ചെന്നൈയിൽനിന്ന് മൈസൂരുവിലേക്ക് രണ്ടുമണിക്കൂർ 25 മിനിറ്റുകൊണ്ട് എത്തിച്ചേരാനാകും.

ശരാശരി 250 കിലോമീറ്റർ വേഗത്തിലാകും തീവണ്ടി സഞ്ചരിക്കുക. പരമാവധി 350 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കാനാകുന്ന തീവണ്ടിയിൽ 750 യാത്രക്കാരെ ഉൾക്കൊള്ളിക്കാനാകുമെന്നാണ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്.

പാത കടന്നുപോകുന്ന സ്ഥലങ്ങളിൽ കെട്ടിടങ്ങളുണ്ടെങ്കിൽ സ്ഥലത്തിനുള്ള നഷ്ടപരിഹാരത്തിന് പുറമേ കൂടുതൽ നഷ്ടപരിഹാരം നൽകുമെന്ന് കോലാർ ഡെപ്യൂട്ടി കമ്മിഷണർ അക്രം പാഷ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us