‘മുഡ’ ഭൂമിയിടപാട്; മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ ഗവർണർക്ക് പരാതി നൽകി മലയാളി

ബെംഗളൂരു : മൈസൂരു അർബൻ ഡിവലപ്‌മെന്റ് അതോറിറ്റി(മുഡ)യുടെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെപേരിൽ നിയമനടപടി സ്വീകരിക്കാൻ ഗവർണറുടെ അനുമതിതേടി മലയാളി അഴിമതിവിരുദ്ധ പ്രവർത്തകൻ ടി.ജെ. അബ്രാഹം.

രാജ്ഭവനിലെത്തി ഗവർണർ താവർചന്ദ് ഗെഹ്‌ലോതിന് അദ്ദേഹം അപേക്ഷ കൈമാറി. നിയമവിരുദ്ധ ഇടപാടുകളെപ്പറ്റി ഗവർണറെ ബോധ്യപ്പെടുത്തിയെന്നും അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അബ്രാഹം ‘മാതൃഭൂമി’യോട് പറഞ്ഞു.

സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മുഡ 14 പ്ലോട്ടുകൾ അനുവദിച്ചു നൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.

സിദ്ധരാമയ്യയുടെ ഭാര്യാസഹോദരൻ മല്ലികാർജുൻ വാങ്ങി പാർവതിക്കുനൽകിയ 3.16 ഏക്കർ ഭൂമി മുഡ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ കണ്ണായസ്ഥലത്ത് പ്ലോട്ടുകൾ നൽകുകയും ചെയ്തതിലാണ് ആരോപണം.

2014-ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് പകരം ഭൂമിക്കായി പാർവതി മുഡയിൽ അപേക്ഷ നൽകിയത്. 2022 ജനുവരി അഞ്ചിനാണ് പ്ലോട്ടുകൾ കൈമാറിയത്.

സിദ്ധരാമയ്യയുടെ സ്വാധീനമുപയോഗിച്ചാണ് പ്ലോട്ടുകൾ നേടിയതെന്നും സർക്കാർ ഖജനാവിന് ഇതുവരെ 55.80 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അപേക്ഷയിൽ ആരോപിച്ചു. ലോകായുക്ത പോലീസിന് പരാതി നൽകിയതായും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us