കടുത്ത ജലക്ഷാമംനേരിട്ടതിന്റെ പശ്ചാത്തലത്തിൽ മഴവെള്ള സംഭരണത്തിന് കോർപ്പറേഷൻ 250 മഴക്കുഴികൾ നിർമിക്കും

ബെംഗളൂരു : ഭാവിയിൽ നഗരത്തിലെ വെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള പദ്ധതികളുമായി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.).

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴവെള്ളം സംഭരിക്കുന്നതിനായി മഴക്കുഴികൾ, കുഴൽക്കിണറുകൾ റീചാർജ് ചെയ്യൽ തുടങ്ങിയ പദ്ധതികളാണ് ആരംഭിക്കുന്നത്.

250 മഴക്കുഴികൾ നിർമിക്കുന്നതിനായി കോർപ്പറേഷൻ രണ്ടരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്. നഗരത്തിലെ വിവിധ പാർക്കുകളോടുചേർന്നായിരിക്കും പദ്ധതി നടപ്പാക്കുക.

വെറുതേകിടക്കുന്ന സ്ഥലങ്ങൾ കുഴികൾ നിർമിക്കാൻ ഉപയോഗിക്കും. ഇവിടേക്ക് മഴവെള്ളം ഒഴുകിയെത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾചെയ്യും.

മഴക്കുഴികൾ നിർമിക്കുന്നതിലൂടെ ഭാവിയിൽ നഗരത്തിലെ ജലലഭ്യത മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

ഇതുവഴി നഗരത്തിലെ വൃക്ഷങ്ങൾക്കും ഗുണമാകുമെന്നാണ് വിലയിരുത്തൽ. നഗരത്തിൽ ഭൂഗർഭജലത്തിന്റെ അളവ് കുറയാതിരിക്കാനും സുസ്ഥിരമായ ജലലഭ്യത ഉറപ്പുവരുത്താനുമാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.

വെള്ളത്തിനായി മറ്റുറവിടങ്ങളെ ആശ്രയിക്കാതിരിക്കാനും വരൾച്ചാബുദ്ധിമുട്ടുകൾ കുറയ്ക്കാനും പദ്ധതി സഹായിക്കും.

അടുത്ത മൺസൂൺ കാലത്തിനുമുമ്പായി പദ്ധതികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിലെ വെള്ളപ്രശ്നം പരിഹരിക്കുന്നതിന് മഴക്കാലത്തെ പരമാവധി പ്രയോജനപ്പെടുത്താനാണ് കോർപ്പറേഷന്റെ തീരുമാനം.

മഴക്കുഴികൾ നിർമിക്കുന്നതിനുള്ള ടെൻഡറിന് അനുമതിലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ബെംഗളൂരുവിൽ കടുത്ത ജലക്ഷാമംനേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് കോർപ്പറേഷന്റെ നടപടി.

നഗരത്തിന്റെ വിവിധഭാഗങ്ങളിൽ കുഴൽക്കിണറുകൾ പൂർണമായി വറ്റിയിരുന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വീട്ടിലെ കിണറുൾപ്പെടെ വറ്റിയത് വലിയ വാർത്തയായിരുന്നു.

ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ ഐ.ടി. കമ്പനികളെ കേരളത്തിലേക്കുക്ഷണിച്ച കേരളസർക്കാരിന്റെ നടപടി ശ്രദ്ധേയമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us