ബെംഗളൂരു : കർണാടകത്തിൽ ഓൺലൈൻ ജോലിതട്ടിപ്പ് കേസുകൾ കൂടുന്നു. 2020 ജനുവരി ഒന്നിനും 2024 മേയ് 25-നുമിടയിൽ സംസ്ഥാനത്ത് 9,479 കേസുകളാണ് ഉണ്ടായത്.
ഇതിൽ 6,905 കേസുകളും ബെംഗളൂരുവിലാണെന്ന് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. മലയാളികളുൾപ്പെടെ ഒട്ടേറെയാളുകളാണ് കബളിപ്പിക്കപ്പെട്ടത്.
നിരന്തരമായി ജോലി അന്വേഷിക്കുന്നവരും ബിരുദം കഴിഞ്ഞിറങ്ങുന്നവരുമാണ് കൂടുതലും ഇരകളാകുന്നത്.
ഒഴിവുസമയങ്ങളിൽ പണം സമ്പാദിക്കാനാഗ്രഹിക്കുന്ന ടെക്കികളും കോളേജ് വിദ്യാർഥികളും തട്ടിപ്പിനിരയാകുന്നുണ്ട്.
2023-ൽ മാത്രം 4098 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം മേയ് 25 വരെ മാത്രം 2185 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ജോലിതട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ബോധവത്കരണത്തിലൂടെ കുറച്ചുകൊണ്ടുവരാൻ പോലീസ് ശ്രമിക്കുന്നുണ്ട്.
വിവിധരീതിയിലുള്ള ഓൺലൈൻ ജോലിതട്ടിപ്പുകളാണ് അടുത്തിടെ നടന്നിട്ടുള്ളത്.
ഹോട്ടലുകളുടെയും റസ്റ്ററന്റുകളുടെയും റിവ്യൂ നൽകിയാൽ പണം തരുമെന്ന് പറഞ്ഞ് സന്ദേശമയച്ച് ആളുകളെ കെണിയിൽപ്പെടുത്തി പണം തട്ടുന്നതാണ് ഏറ്റവുംപുതിയ രീതി.
ജോലിചെയ്തതിന്റെ ശമ്പളം ലഭിക്കുന്നതിന് വിവിധ ചാർജുകളായി പണംവാങ്ങുന്നതാണ് മറ്റൊരു രീതി.
കൂടാതെ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപരസ്യം നൽകി ഫീസിനത്തിൽ പണംതട്ടിയ സംഭവങ്ങളുമുണ്ട്.
അടുത്തിടെ ഓൺലൈൻ പരസ്യംകണ്ട് ബെംഗളൂരുവിൽ ജോലി അന്വേഷിച്ചെത്തിയ മലയാളിയുവാക്കൾ കബളിപ്പിക്കപ്പെട്ടിരുന്നു.
ആവശ്യപ്പെട്ട പ്രകാരം ഫീസ് അടച്ചെങ്കിലും ബെംഗളൂരുവിലെത്തി സ്ഥാപനം അന്വേഷിച്ചപ്പോൾ അങ്ങനെയൊന്നില്ലെന്ന് മനസ്സിലാവുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.