നവി മുംബൈ: കോല്‍ഹാപൂര്‍-മുംബൈ മഹാലക്ഷ്മി എക്‌സ്പ്രസിനുള്ളില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കി മുസ്ലീം യുവതി.
31 കാരിയായ ഫാത്തിമ ഖാത്തൂന്‍ ആണ് ട്രെയിനുള്ളില്‍ കുഞ്ഞിനെ പ്രസവിച്ചത്. ട്രെയിൻ ലോണാവാല സ്റ്റേഷന്‍ കടന്നതിന് പിന്നാലെയായിരുന്നു കുഞ്ഞിന്റെ ജനനം.
ട്രെയിനിനുള്ളില്‍ പ്രസവിച്ച കുഞ്ഞിന് ‘‘മഹാലക്ഷ്മി’’ എന്ന് പേരിടാന്‍ തങ്ങള്‍ തീരുമാനിച്ചതായി കുട്ടിയുടെ പിതാവ് തയ്യബ് പറഞ്ഞു.
തിരുപ്പതിയില്‍ നിന്ന് കോല്‍ഹാപൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന കുറച്ച് യാത്രക്കാരും ആ സമയം ട്രെയിനിലുണ്ടായിരുന്നു.
കുഞ്ഞിന്റെ ജനനം ദേവിയുടെ ദര്‍ശനം കിട്ടിയതിന് സമാനമാണെന്ന് അവര്‍ പറഞ്ഞതായും തയ്യബ് പറഞ്ഞു. അതുകൊണ്ടാണ് കുഞ്ഞിന് മഹാലക്ഷ്മി എന്ന് പേരിടാന്‍ തീരുമാനിച്ചതെന്ന് തയ്യബ് വ്യക്തമാക്കി.
ഈ ഘട്ടത്തില്‍ തങ്ങള്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്ത് തന്ന റെയില്‍വേ പോലീസിനും തയ്യബ് നന്ദി അറിയിച്ചു. ദമ്പതികള്‍ക്ക് മൂന്ന് ആണ്‍കുട്ടികള്‍ കൂടിയുണ്ട്.
ജൂണ്‍ 20നായിരുന്നു ഫാത്തിമയുടെ പ്രസവത്തിനുള്ള തീയതി നിശ്ചയിച്ചിരുന്നത്. ജൂണ്‍ 6നാണ് കോല്‍ഹാപൂരില്‍ നിന്നും മുംബൈയിലേക്കുള്ള ട്രെയിനില്‍ ഫാത്തിമയും കുടുംബവും കയറിയത്.
എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് ലോണാവാലയില്‍ രണ്ട് മണിക്കൂറോളം ട്രെയിന്‍ പിടിച്ചിട്ടിരുന്നു. 11 മണിയോടെ ട്രെയിനെടുക്കുകയും ചെയ്തു.
ഈ സമയത്താണ് വയറു വേദന ഉണ്ടെന്ന് ഫാത്തിമ പറയുന്നത്. തുടര്‍ന്ന് ടോയ്‌ലറ്റിലേക്ക് പോയ ഫാത്തിമ കുറേനേരം കഴിഞ്ഞിട്ടും തിരികെ വന്നില്ല.
പിന്നാലെ തയ്യബ് അന്വേഷിച്ച് ടോയ്‌ലറ്റിലെത്തിയപ്പോഴാണ് ഫാത്തിമ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം അറിയുന്നത്.
തുടര്‍ന്ന് കമ്പാര്‍ട്ട്‌മെന്റിലെ സ്ത്രീകള്‍ സഹായത്തിനായി എത്തി. പിന്നാലെ റെയില്‍വേ ഹെല്‍പ് ലൈനിലേക്ക് വിളിച്ച് തയ്യബ് നിലവിലെ സ്ഥിതി അറിയിച്ചു.തുടര്‍ന്ന് ഫാത്തിമയും കുടുംബവും കര്‍ജാത് സ്റ്റേഷനിലിറങ്ങി.
’’ കര്‍ജാതിലെ ജില്ലാ ആശുപത്രിയിലെ നഴ്‌സ് ശിവാംഗി സലൂങ്കെയേയും മറ്റ് ചില ജീവനക്കാരെയും ഞങ്ങള്‍ വിളിച്ചിരുന്നു.
അവര്‍ അപ്പോള്‍ തന്നെ സ്റ്റേഷനിലെത്തി. സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ യുവതിയേയും കുഞ്ഞിനേയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു,’’ കര്‍ജാതിലെ എപിഐ മുകേഷ് ഢാങ്കേ പറഞ്ഞു.
മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം യുവതിയും കുഞ്ഞും ആശുപത്രി വിട്ടെന്ന് അസിസ്റ്റന്റ് മേട്രണ്‍ സവിത പാട്ടീല്‍ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.