നഗരത്തിലെ വെള്ളപ്പൊക്ക സാധ്യത; 87 ശതമാനം പ്രദേശങ്ങള്‍ വെള്ളത്തിൽ മുങ്ങുമെന്ന് പഠനങ്ങൾ

ബെംഗളൂരു : ബെംഗളൂരുവിൽ 87 ശതമാനം പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് പഠനം. ഇതിൽ 30 ശതമാനം പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിന് ഏറ്റവുംകൂടുതൽ സാധ്യതയുള്ളതായാണ് കണക്കാക്കുന്നത്.

57 ശതമാനം പ്രദേശങ്ങളിൽ സാധാരണരീതിയിലുള്ള വെള്ളപ്പൊക്കത്തിനാണ് സാധ്യത. 13 ശതമാനം പ്രദേശങ്ങൾമാത്രമാണ് വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയില്ലാത്തതെന്നും പഠനം പറയുന്നു.

മംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷനിലെയും ഗവേഷകരാണ് പഠനം നടത്തിയത്.

ഭൂവിനിയോഗത്തിലുണ്ടായ മാറ്റമാണ് ഈയവസ്ഥയ്ക്ക് പ്രധാന കാരണമെന്നാണ് പഠനം പറയുന്നത്. മഴവെള്ളം മണ്ണിനടിയിലേക്കു പോകാൻ തടസ്സമുള്ളതാണ് വെള്ളപ്പൊക്ക സാഹചര്യം സൃഷ്ടിക്കുന്നത്.

നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളം ഇറങ്ങിപ്പോകാനുള്ള സാഹചര്യമില്ല. ദ്രുതഗതിയിലുള്ള നഗരവത്കരണവും ആസൂത്രണമില്ലാതെയുള്ള നഗരവികസനവും വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത വർധിപ്പിച്ചു.

നഗരവത്കരണം കാരണം കോൺക്രീറ്റ് നടപ്പാതകളും കോൺക്രീറ്റ് പ്രതലവും വർധിച്ചു. അതിനാൽ കുറച്ചുസമയം മഴ പെയ്താൽപ്പോലും വെള്ളം പൊങ്ങുന്ന സാഹചര്യമാണ്.

ചെറിയതോതിലുള്ള വെള്ളപ്പൊക്കംപോലും ഇപ്പോൾ നഗരവാസികളെ ദുരിതത്തിലാക്കും. മഴവെള്ളം അഴുക്കുചാലുകളിലേക്കു ഒഴുകിപ്പോകുന്നതിനുള്ള ദൂരം, ഭൂപ്രകൃതി, മണ്ണിന്റെ തരം എന്നിവയും വെള്ളപ്പൊക്കത്തിന് കാരണങ്ങളായി പറയപ്പെടുന്നു. നഗരവത്കരണം കാരണം മരങ്ങൾ നശിച്ചതും കാരണമാണ്.

നഗരം വികസിപ്പിക്കുന്നതിനായി ഒട്ടേറെ മരങ്ങളെയാണ് ഇല്ലാതാക്കുന്നത്. ബെംഗളൂരു നഗരജില്ലയിലെ 635 ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കത്തിന് കൂടുതൽ സാധ്യതയുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us