ബെംഗളൂരു : വരൾച്ചാ ദുരിതാശ്വാസം അനുവദിക്കാൻ കേന്ദ്ര സർക്കാർ നടപടിവൈകുന്നതിനെ ചോദ്യംചെയ്ത് കർണാടക സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി.
ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരമാണ് റിട്ട് ഹർജിനൽകിയത്.
സംസ്ഥാനത്ത് വരൾച്ച ബാധിച്ചപ്രദേശങ്ങൾ വിഗഗ്ധസമിതി സന്ദർശിച്ച് റിപ്പോർട്ട് നൽകി അഞ്ചുമാസം പിന്നിട്ടിട്ടും കേന്ദ്ര സർക്കാർ സഹായധനം അനുവദിക്കാൻ നടപടി സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ 20-നാണ് വരൾച്ചയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്.
നിയമപ്രകാരം ഒരു മാസത്തിനുള്ളിൽ സഹായം അനുവദിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വരൾച്ചനേരിട്ട കർഷകരെ സഹായിക്കുകയെന്നത് കേന്ദ്ര സർക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ 33.4 ലക്ഷം കർഷകർക്കായി 650 കോടി രൂപ വിതരണംചെയ്തു. 870 കോടി രൂപ ജലസേചനത്തിനായും വിനിയോഗിച്ചു.
കർഷകർക്ക് 5600 കോടി രൂപയുടെ സഹായമാണ് അനുവദിക്കേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബാക്കിപണം കേന്ദ്രസർക്കാരാണ് അനുവദിക്കേണ്ടത്.
കാലവർഷം ചതിച്ച കർണാടകത്തിൽ ആകെയുള്ള 240 താലൂക്കുകളിൽ 223 എണ്ണത്തിലും വരൾച്ചബാധിച്ചതായി സർക്കാർ പ്രഖ്യാപിച്ചിരുന്നു.
196 താലൂക്കുകളെ വരൾച്ച തീവ്രമായി ബാധിച്ചെന്നും കണക്കാക്കുന്നു. 48,000 ഹെക്ടർ കൃഷി വരൾച്ചയിൽ നശിച്ചതായാണ് കണക്കാക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.