ബെംഗളൂരു : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തട്ടകമായ കലബുറഗിയിൽ ബി.ജെ.പി.യുടെ കർണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇത്തവണ ബി.ജെ.പി. 400 സീറ്റ് നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി കർണാടകത്തിൽ കോൺഗ്രസിനെ ജയിക്കാനനുവദിക്കരുതെന്ന് പ്രവർത്തകരോട് ആവശ്യപ്പെട്ടു.
സിദ്ധരാമയ്യ സർക്കാരിനെ കടന്നാക്രമിച്ചായിരുന്നു മോദിയുടെ പ്രസംഗം. കോൺഗ്രസ് ഭരണത്തിൽ സംസ്ഥാനത്ത് ക്രമസമാധാനം തകർന്നതായി പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
സമൂഹവിരുദ്ധ ശക്തികൾക്ക് സർക്കാർ സംരക്ഷണം നൽകുകയാണെന്ന് ആരോപിച്ചു. കുടുംബാധിപത്യ പാർട്ടിയായ കോൺഗ്രസിന് അഴിമതി ഓക്സിജനാണെന്നും പറഞ്ഞു.
കലബുറഗിയിലെ എൻ.വി. മൈതാനത്ത്് സംഘടിപ്പിച്ച റാലിയിൽ ഒട്ടേറെ പ്രവർത്തകർ പങ്കെടുത്തു.
മല്ലികാർജുൻ ഖാർഗെ രണ്ടുതവണ പ്രതിനിധാനംചെയ്ത മണ്ഡലമാണ് കലബുറഗി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ ഉമേഷ് ജാദവിനോട് പരാജയപ്പെട്ടു.
ഇത്തവണയും ഉമേഷ് ജാദവിനെ മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥിയാക്കിയതിനു പിന്നാലെയാണ് മോദി ആദ്യറാലിക്ക് കലബുറഗി തിരഞ്ഞെടുത്തത്.
തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുമ്പോൾ മോദിയുടെ പ്രചാരണം
ലോക്സഭാ തിരഞ്ഞെടുപ്പു തീയതി കമ്മിഷൻ പ്രഖ്യാപിക്കുന്ന സമയത്തായിരുന്നു പ്രവർത്തകരെ ആവേശം കൊള്ളിച്ച് മോദിയുടെ പ്രസംഗം.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് റാലിയിലേക്ക് മോദിയെത്തിയത്. അദ്ദേഹം പ്രസംഗിക്കുമ്പോഴായിരുന്നു ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം തുടങ്ങിയത്.
ഇക്കാര്യം കണക്കിലെടുക്കാതെ മോദി പ്രസംഗം തുടർന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര പ്രധാനമന്ത്രിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തലപ്പാവണിയിച്ചു. കേന്ദ്രമന്ത്രി ഭഗവന്ദ് ഖൂബ, മുൻ മുഖ്യമന്ത്രിമാരായ ബി.എസ്. യെദ്യൂരപ്പ, ബസവരാജ് ബൊമ്മെ, പ്രതിപക്ഷനേതാവ് ആർ. അശോക എന്നിവർ സംബന്ധിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.