സംസ്ഥാന ബിജെപിയിൽ സ്ഥാനാർഥിത്തർക്കം: തെരുവിലിറങ്ങി പാർട്ടി പ്രവർത്തകർ നാട്യ ഗോദയിൽ അരങ്ങേറിയത് ആത്മഹത്യാശ്രമവും ഓഫിസ് തകർക്കലും

ബെംഗളൂരു : കർണാടകയിൽ കൊപ്പാൾ, ദാവൻഗരെ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥികൾക്കെതിരെ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങി.

സീറ്റ് ലഭിക്കാത്ത കൊപ്പാൾ സിറ്റിങ് എംപി സംഗണ്ണ കാരാഡിയുടെ അനുയായികൾ പാർട്ടി ഓഫിസ് അടിച്ചുതകർത്തു.

സംഗണ്ണയെ തഴഞ്ഞ് ബസവരാജ് കയവട്ടോറിനു സീറ്റ് നൽകിയതാണു പ്രകോപനം.
സിറ്റിങ് എംപി സിദ്ധേശ്വരയ്ക്കു പകരം ഭാര്യ ഗായത്രിക്കു സീറ്റ് നൽകിയതാണ് ദാവൻഗരെയിൽ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.

സീറ്റിനായി രംഗത്തുണ്ടായിരുന്ന മുൻ എംഎൽഎ രേണുകാചാര്യയുടെ അണികൾ ബഹളമുണ്ടാക്കി. ഒരാൾ പെട്രോൾ ഒഴിച്ചു തീകൊളുത്താനും ശ്രമിച്ചു.

ബിജെപി മുൻ സംസ്ഥാന പ്രസിഡന്റും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ്.ഈശ്വരപ്പ, മകൻ കെ.ഇ.കാന്തേഷിന് ഹാവേരി സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചു രംഗത്തുണ്ട്.

മുൻമുഖ്യമന്ത്രി യെഡിയൂരപ്പയുടെ മകൻ ബി.വൈ.രാഘവേന്ദ്രയ്ക്ക് എതിരെ ശിവമൊഗ്ഗയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് ഈശ്വരപ്പയുടെ ഭീഷണി.

അതിനിടെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് കോൺഗ്രസിലേക്കു കൂറുമാറി മത്സരിച്ചു പരാജയപ്പെടുകയും പിന്നീടു ബിജെപിയിലേക്കു തിരിച്ചെത്തുകയും ചെയ്ത മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ബെളഗാവിയിൽ സ്ഥാനാർഥിയാകും.

ലക്ഷ്യമിട്ട ധാർവാഡ്, ഹാവേരി മണ്ഡലങ്ങൾ കിട്ടാതായതോടെ ഇടഞ്ഞ ഷെട്ടറെ അനുനയിപ്പിക്കാനാണു നീക്കം.

ബെളഗാവി സിറ്റിങ് എംപി മംഗള അംഗദി, മുൻ നിയമനിർമാണ കൗൺസിൽ അംഗം മഹന്തേഷ് കവതഗിമഠ് എന്നിവർ ഷെട്ടറുടെ സ്ഥാനാർഥിത്വത്തെ എതിർക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us