കുരുതിക്കളമായി നഗരത്തിലെ റോഡുകൾ; രണ്ടുമാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 174 അപകടമരണങ്ങൾ

ബെംഗളൂരു : വാഹനങ്ങളുടെ എണ്ണം കൂടുന്നതിനൊപ്പം ബെംഗളൂരുവിലെ വാഹനാപകടങ്ങളും വർധിക്കുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നഗരത്തിലുണ്ടായത് 174 അപകടമരണങ്ങളാണ്.

അതിവേഗതയും ഗതാഗതനിയമങ്ങൾ പാലിക്കാത്തതുമാണ് അപകടങ്ങളുണ്ടാകുന്നതിന്റെ പ്രധാനകാരണമെന്ന് ട്രാഫിക് പോലീസ് പറഞ്ഞു.

അപകടങ്ങളിൽ മരിച്ചവരിൽ മലയാളികളും ഉൾപ്പെടും. ഫെബ്രുവരി 19-നാണ് കൊല്ലം സ്വദേശികളായ ആൽബി ജി. ജേക്കബ്, എസ്. വിഷ്ണുകുമാർ എന്നിവർ ബെംഗളൂരുവിലെ ബൊമ്മനഹള്ളിക്കുസമീപം ബൈക്കപകടത്തിൽ മരിച്ചത്.

ട്രാഫിക് പോലീസിന്റെ കണക്കനുസരിച്ച് ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള പാതയിലാണ് ഏറ്റവുംകൂടുതൽ അപകടങ്ങളുണ്ടാകുന്നത്.

തൊട്ടുപിന്നാലെ കെങ്കേരി- നൈസ് റോഡ് പാതയാണ്. ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതെന്നും ട്രാഫിക് പോലീസ് പറയുന്നു.

വാഹനമിടിച്ച് മരിക്കുന്ന കാൽനടയാത്രക്കാരുടെ എണ്ണവും വർധിക്കുന്നു. കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച് അപകടത്തിൽപ്പെടുന്ന കാൽനടയാത്രക്കാരിൽ 60 ശതമാനവും അറുപതുവയസ്സിന് മുകളിലുള്ളവരാണ്.

ബെംഗളൂരുവിൽ വാഹനങ്ങളുടെ അനുപാതം 1000 പേർക്ക് 827 വാഹനങ്ങൾ എന്നതോതിലാണ്.

അതേസമയം, വരും ദിവസങ്ങളിൽ റോഡുകളിൽ കർശനപരിശോധന നടത്തി നിയമലംഘകർക്കെതിരേ നടപടിയെടുക്കാൻ നിർദേശം നൽകിെയന്ന് ജോയിന്റ് ട്രാഫിക് പോലീസ് കമ്മിഷണർ എം.എൻ. അനുചേത് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us