കർണാടകയിലേക്ക് ബീഫ് കടത്തിയവരെ തടഞ്ഞു നിർത്തി കാർ കത്തിച്ചു; 21 ഓളം പേർ അറസ്റ്റിൽ

ബെംഗളൂരു: ബീഫ് കടത്തിയതിന് കർണാടകയിൽ ഏഴു പേർ അറസ്റ്റിൽ. ഏഴ് പേർക്കൊപ്പം പ്രതികളുടെ കാർ കത്തിച്ച വലതുപക്ഷ സംഘടനയായ ശ്രീരാം സേനയിലെ 14 അംഗങ്ങളും അറസ്റ്റിലായി.

ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിൽ നിന്ന് ബംഗളുരുവിലേക്ക് പോത്തിറച്ചി കടത്തുകയായിരുന്ന അഞ്ച് മിനി ട്രക്കുകളും കാറും വലതുപക്ഷ സംഘടനയായ ശ്രീരാം സേനാംഗങ്ങളുടെ പ്രവർത്തകർ തടഞ്ഞു.

ഇതിനുപയോഗിച്ച അഞ്ച് വാഹനങ്ങളും കർണാടക പൊലീസ് പിടികൂടി.

ഞായറാഴ്ച പുലർച്ചെ അ‍ഞ്ചേമുക്കാലോടെയാണ് സംഭവമെന്ന് ബെംഗളൂരു റൂറൽ എസ്പി മല്ലികാർജുൻ ബലദൻഡി പറഞ്ഞു.

ആന്ധ്രാപ്രദേശിലെ ഹിന്ദുപൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് ‘ബീഫ്’ കടത്തുകയായിരുന്ന അഞ്ച് മിനി ട്രക്കുകളും കാറും ശ്രീരാമസേന പ്രവർത്തകർ പിന്തുടരുകയും ദൊഡ്ഡബല്ലാപുരയിൽ വച്ച് ശ്രീരാമസേനാ പ്രവർത്തകർ തടയുകയായിരുന്നു.

പ്രതിഷേധ സൂചകമായി ഇവർ കാർ കത്തിക്കുകയും വാഹനങ്ങളിലുണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്തു. ഉടൻ പൊലീസ് സ്ഥലത്തെത്തി.

ബീഫ് കടത്തിയതിനും കാർ കത്തിച്ചതിനുമായി രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തതായി എസ്പി പറഞ്ഞു. ആകെ 21 പേർ അറസ്റ്റിലായി.

ബീഫ് കടത്തിയവരിൽ അഞ്ച് പേർ ഹിന്ദുപുർ സ്വദേശികളും മറ്റു രണ്ടു പേർ ഗൗരിബിദാനൂരിൽ നിന്നുള്ളവരുമാണ്. ഇവരെ സഹായിച്ചവരെ ഉൾപ്പെടെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു.

സംസ്ഥാനത്തെ മുൻ ബിജെപി സർക്കാർ 2020ൽ പാസാക്കിയ കശാപ്പ് നിരോധന നിയമപ്രകാരം പശു, കാള, എരുമ, പോത്ത് തുടങ്ങിയവയെ കശാപ്പ് ചെയ്യുന്നതിനു വിലക്കുണ്ട്.

അധികാരത്തിലെത്തിയാൽ നിയമം റദ്ദാക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ഇതുസംബന്ധിച്ച് നടപടികൾ സ്വീകരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us