ലൈംഗികാതിക്രമ പരാതികളില്‍ സമരം: ഗുസ്തി താരങ്ങളായ ബംജ്‌റംഗ് പുനിയയും സാക്ഷി മാലിക്കും വിനയ് ഫോഗട്ടും ജോലിയില്‍ പ്രവേശിച്ചു

ഡല്‍ഹി- ലൈംഗികാതിക്രമ പരാതികളില്‍ അന്വേഷണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് യാദവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത മുന്‍നിര ഗുസ്തിക്കാരായ ബജ്റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവര്‍ റെയില്‍വേയില്‍ ജോലി പുനരാരംഭിച്ചു. മെയ് 31 ന് ബറോഡ ഹൗസ് ഓഫീസില്‍ ചേര്‍ന്നു. എന്നാല്‍ സമരത്തില്‍ നിന്നും പിന്‍മാറിയിട്ടില്ലെന്നും ജോലിയില്‍ തുടരുമെന്നും താരങ്ങള്‍ ട്വീറ്റ് ചെയ്തു. ജോലിയും സമരവും ഒരുമിച്ചു കൊണ്ടു പോകുമെന്നാണ് താരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഗുസ്തി താരങ്ങള്‍ ചര്‍ച്ച നടത്തി രണ്ടു ദിവസം പിന്നിടുമ്പോഴാണ് മൂന്നു പേരും ജോലിയില്‍ പ്രവേശിച്ചത്. താരങ്ങളുടെ പിന്‍മാറ്റം സമരക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. സമരത്തിന്റെ നേതൃനിരയില്‍ ഇനി മൂവരും ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.

 

അമിത് ഷായെ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ ചര്‍ച്ചയില്‍ ആഭ്യന്തര മന്ത്രിയുടെ പ്രതികരണം നിരാശാജനകമായിരുന്നുവെന്നാണ് സാക്ഷി മാലിക്കിന്റെ ഭര്‍ത്താവ് കൂടിയായ ഗുസ്തിതാരം സത്യവൃത് കാദിയാന്‍ പറഞ്ഞു. അമിത് ഷായുമായുള്ള ഗുസ്തി താരങ്ങളുടെ ചര്‍ച്ച അപൂര്‍ണമായിരുന്നുവെന്നും താരങ്ങള്‍ ആഗ്രഹിച്ച പ്രതികരണമല്ല ആഭ്യന്തര മന്ത്രിയില്‍ നിന്നുണ്ടായതെന്നും കാദിയാന്‍ പറയുകയുണ്ടായി. നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെ എന്ന നിലപാടായിരുന്നു അമിത് ഷാ സ്വീകരിച്ചത്. എന്നാല്‍ ബ്രിജ് ഭഊഷണെ അറസ്റ്റ് ചെയ്യുംവരെ ഗുസ്തി താരങ്ങള്‍ സമരം നിര്‍ത്തില്ലെന്നും തുടര്‍ സമരപരിപാടികള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും കാദിയാന്‍ പറഞ്ഞിരുന്നു. എന്നാല്‍ മൂന്നു താരങ്ങളുടെ പൊടുന്നനെയുള്ള നിലപാട് മാറ്റത്തിന്റെ കാരണം അജ്ഞാതമാണ്.

 

ഈ വര്‍ഷം ജനുവരി 18നാണ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷന്‍ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയര്‍ത്തിയത്.

 

മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവില്‍ താരങ്ങളുടെ പരാതി അന്വേഷിക്കാന്‍ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗ സമിതിയാണ് ഇവരുടെ പരാതികള്‍ അന്വേഷിക്കുന്നത്. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി നിര്‍ദേശത്താലാണ് പരാതിയിന്‍മേല്‍ കേസ് എടുക്കാന്‍ ദില്ലി പൊലീസ് തയ്യാറായത്.

 

വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ഉള്‍പ്പടെയാണ് ബ്രിജ് ഭൂഷനെതിരെ പ്രതിഷേധവുമായി ജന്ദര്‍ മന്ദിറിലിറങ്ങിയത്. മെയ് 28ന് ദില്ലിയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള മാര്‍ച്ചിനിടെ ഇവരെ ഡല്‍ഹി പൊലീസ് വലിച്ചിഴച്ച് സമരവേദി പൊളിച്ചു മാറ്റിയിരുന്നു. ഇതിന് ശേഷമാണ് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ സാക്ഷി മാലിക് ഉള്‍പ്പടെയുള്ള ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലേക്ക് നീങ്ങിയെങ്കിലും കര്‍ഷക സംഘടന നേതാക്കള്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us