ബെംഗളൂരു: മാനവ ഹൃദയങ്ങളിൽ കാൽവരി സ്മരണകളുണർത്തുന്ന, ഒരു ഗസലിന്റെ കയ്യൊപ്പുള്ള മനോഹരമായ ക്രിസ്തീയ ഭക്തിഗാനമാണ് “ഗാഗുൽത്ത”. ഓരോ അൾത്താരയിലും മിഴി തുറക്കുന്ന ഗോൽഗോഥയിലെ പരമയാഗത്തിലേക്ക് നമ്മെ കൈപിടിച്ചുനടത്തുന്ന ഈ ഗാനം മാനവരക്ഷയുടെ പ്രതീകമായ ഗോൽഗോഥയെ ഏറെ ഹൃദയഹാരിയായി പുനരവതരിപ്പിക്കുന്നു.
ജനഹൃദയങ്ങൾ നെഞ്ചോടേറ്റിയ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ പ്രശസ്തനായ ശ്രീ ജോഷി ഉരുളിയാനിക്കൽ, ക്രിസ്തീയ സംഗീത രംഗത്ത് വളരെ വേറിട്ട ശൈലിയിൽ സംഗീതമേകിയാണ് ശ്രദ്ധ നേടുന്നത്. ഈയിടെ സപ ക്രീയേഷൻസ് എന്ന യൂട്യൂബ് ചാനലിലൂടെ ജനലക്ഷങ്ങൾ തങ്ങളുടെ ഹൃദയത്തിൽ ഏറ്റുവാങ്ങിയ ഈ ഗാനം ഈ വിശുദ്ധവാരത്തിലെ തരംഗമായിരിക്കുകയാണ്.
ഉരുളിയാനിക്കൽ കുടുംബത്തിന്റെ സംഗീത പാരമ്പര്യത്തെ മുറുകെ പിടിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്തുകൊണ്ട് ക്രിസ്തീയ സംഗീത മേഖലക്ക് ഒരുപിടി നല്ലഗാനങ്ങൾ സംഭാവന ചെയ്തിട്ടുള്ള ഈ യുവ സംഗീത സംവിധായകൻ സംഗീത മേഖലക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ് എന്നതിൽ ഒരു സംശയവും ഇല്ല.
സംഗീത ലോകത്തിന് ഹൃദയ സ്പർശിയായ ഒത്തിരി ഗാനങ്ങൾ സംഭാവന ചെയ്തിട്ടുള്ള റവ: ഫാ: ആന്റണി ഉരുളിയാനിക്കൽ സി എം ഐയുടെ നിരന്തരമായ പിന്തുണയും പ്രോത്സാഹനങ്ങളുംമാണ് ജോഷി ഉരുളിയാനിക്കലിന് ഇത്രയും മനോഹരങ്ങളായ ഗാനങ്ങൾ ചിട്ടപ്പെടുത്തുവാൻ പ്രചോദനമാമാകുന്നത്.
ജോഷി കാരക്കുന്നേൽ രചനയും സുശാന്ത് തോമസ് ഓർക്കസ്ട്രഷനും നിർവഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സിനിമ പിന്നണിഗായകൻ ഷെർദ്ദിൻ തോമസ്സാണ്.
ശ്രീ ജോഷി ഉരുളിയാനിക്കൽ 15ൽ അതികം ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. സമർപ്പിതൻ, സ്വർലോകറാണി, ഈശോയ്ക്കായ്, സ്നേഹത്തിൻ താരാട്ട്, തൂമഞ്ഞിൻ നിറമുള്ള തിരുവോസ്തി എന്നിവ ഇദ്ദേഹത്തിന്റെ ഏറെ ജനശ്രദ്ധ നേടിയ ഗാനങ്ങളിൽ ചിലതാണ്.
ക്യാൻസർ രോഗത്തെ തോൽപ്പിച്ച് സക്രാരിയെ തന്റെ നെഞ്ചോടേറ്റിയ ഫാ. ലിബിൻ കൂമ്പാറ തന്റെ ജീവിതാനുഭവങ്ങളെ ചേർത്തുവച്ചെഴുതിയ കാഴ്ചവെപ്പു ഗാനം, സിറിയക് ആദിത്യപുരത്തിന്റെ പരിശുദ്ധാത്മ ഗീതം, ജോബി കാവാലം, ജോഷി കാരക്കുന്നേൽ എന്നിവരുടെ കുർബാന സ്വീകരണ ഗാനം എന്നിവ ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ഗാനങ്ങളാണ്.
ഈശോയുടെ പീഡാനുഭവവും ക്രൂശുമരണവും ഒരു ചലച്ചിത്രമെന്നപോലെ ജനകോടികളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി പവിത്രീകരിക്കാൻ ഈ ഗാനം ഉപകരിക്കും തീർച്ച.
യേശുവിന്റെ പീഡാനുഭവ സ്മരണയിൽ ക്രൈസ്തവജനത യേശുവിനോട് ചേർന്നിരിക്കുന്ന ഈ വിശുദ്ധവാരത്തിലാണ് കാൽവരിയിലെ പീഡാനുഭവങ്ങളുടെ ഓർമ്മ ജ്വലിപ്പിക്കുന്ന “ഗോൽഗോഥാ മിഴിതുറന്നു’ എന്ന ശ്രവണസുന്ദരമായ ഗാനം നമ്മളിലേക്കെത്തുന്നത്. യേശുവിന്റെ പീഡാനുഭവവും കുരിശുമരണവും നമുക്കുമുന്നിൽ അനുഭവവേദ്യമാക്കി ഉയർപ്പുതിരുനാൾ കൂടുതൽ അർത്ഥപൂർണ്ണമാക്കാൻ ഈ ഗാനം നമ്മെയെല്ലാം സഹായിക്കുമെന്നതിൽ ഒട്ടും സംശയമില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.