ബെംഗളൂരു:2024-ലെ ലോക്സഭാ തിരഞ്ഞടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിതര മുന്നണിയുടെ രൂപീകരണത്തിനായി നെട്ടോട്ടം ഓടുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ മേധാവിയുമായ മമത ബാനര്‍ജി. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രാദേശിക നേതാക്കളുമായി അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
മുന്നണി രൂപീകരണത്തിന്റെ ഭാഗമായി ജനതാദള്‍ സെക്കുലര്‍ നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ എത്തി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. കൊല്‍ക്കത്തയിലെ കാളിഘട്ടിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചാണ് കുമാരസ്വാമി ബാനര്‍ജിയെ കണ്ടത്.
ദേശീയ രാഷ്ട്രീയത്തില്‍ ജെഡിഎസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് തൃണമൂല്‍ മേധാവി ചര്‍ച്ച ചെയ്തതായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
അഖിലേന്ത്യ തൃണമൂല്‍ കോണ്‍ഗ്രസും ജെഡിഎസും ദേശീയ തലത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനൊപ്പം ജനതാദള്‍ സെക്യുലറിന് വേണ്ടി പ്രചാരണം നടത്താന്‍ മമത ബാനര്‍ജി കര്‍ണാടക സന്ദര്‍ശിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.