ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് വെള്ളം പൊങ്ങുന്നതുൾപ്പെടെയുള്ള ബെംഗളൂരു-മൈസൂരു അതിവേഗപാതയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉടനെന്ന് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ കനത്ത മഴയെത്തുടർന്ന് അതിവേഗപാതയുടെ രാമനഗരയ്ക്കും ബിഡദിക്കും ഇടയിലുള്ള സംഗബസവന ദൊഡ്ഡിയിൽ വെള്ളംപൊങ്ങിയത് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.
വെള്ളംപൊങ്ങിയ സ്ഥലത്തെ പ്രശ്നമാണ് നിലവിൽ പരിഹരിച്ചത്. ഈ ഭാഗത്തെ ഡ്രെയിനേജ് സംവിധാനം ഗ്രാമവാസികൾ മണ്ണുപയോഗിച്ച് അടച്ചിരുന്നുവെന്നും ഇത് മറികടക്കാൻ മഴവെള്ളം ഒഴുകിപ്പോകാൻ പൈപ്പ് സ്ഥാപിച്ചെന്നും അധികൃതർ അറിയിച്ചു. കൂടാതെ അതിവേഗപാതയുടെ സമീപത്തെ ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് സർവീസ് റോഡിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
കൂടാതെ ബെംഗളൂരു-മെസൂരു എക്സ്പ്രസ് വേയില്‍ വാഹനങ്ങള്‍ തെന്നിയും മറ്റും ഉണ്ടാകുന്ന അപകടങ്ങള്‍ ഉടനടി പരിഹരിക്കുമെന്ന് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.