ബെംഗളൂരു: ബെംഗളൂരുവിൽ താപനില ഉയരുകയും ജലക്ഷാമ പ്രശ്നങ്ങൾ ഉയർത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ, കാവേരി ജലം കുടിവെള്ളത്തിനും ഗാർഹിക ആവശ്യങ്ങൾക്കും മാത്രം ഉപയോഗിക്കണമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) ജനങ്ങളോട് ആവശ്യപ്പെട്ടു.
നഗരത്തിൽ നിലവിൽ വാട്ടർ ടാങ്കറുകൾക്ക് അമിത നിരക്കാണ് ഈടാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നഗരത്തിലെ ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് ബെംഗളൂരുവിലേക്ക് പ്രതിദിനം 1,450 ദശലക്ഷം ലിറ്റർ കാവേരി കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെന്ന് ബിഡബ്ല്യൂഎസ്എസ്ബി ഉദ്യോഗസ്ഥർ പറഞ്ഞു.
ബെംഗളൂരു ഈസ്റ്റിലെ ചില പ്രദേശങ്ങൾ ജലവിതരണത്തിന്റെ അപര്യാപ്തതയെക്കുറിച്ച് പരാതിപ്പെട്ടതായും വരും ദിവസങ്ങളിൽ മറ്റു സോൺകളിലും സമാന പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാമെന്നും അധികൃതർ പറഞ്ഞു. ഇക്കാരണത്താൽ ജലം ഉപയോഗിക്കുന്നതിൽ ശ്രദ്ധ വേണമെന്നും, ജലം പാഴാക്കരുതെന്നും അധികൃതർ നിർദേശിച്ചു.
കുഴൽക്കിണർ വെള്ളവും മലിനജല പ്ലാന്റുകളിൽ നിന്നുള്ള ശുദ്ധീകരിച്ച വെള്ളവും ടോയ്ലറ്റുകളിലും പൂന്തോട്ടപരിപാലനത്തിനും വാഹന ശുചീകരണത്തിനും മറ്റ് പ്രവർത്തനങ്ങൾക്കും ഉപയോഗിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചു.
ബോർഡിലെ 35 സബ് ഡിവിഷനുകളിലേക്കുള്ള ജലവിതരണം നിരീക്ഷിക്കുന്നതിന് ബിഡബ്ല്യൂഎസ്എസ്ബി ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിക്കുകയും സബ് ഡിവിഷനുകളിൽ വിപുലമായ പരിശോധനകൾ നടത്തുകയും പൊതുജനങ്ങളുടെ ജലവിതാരനവുമായി ബന്ധപ്പെട്ട പരാതികൾ ഫലപ്രദമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.