ബെംഗളൂരു: നഗരത്തിൽ 30 ഓട്ടോ പ്രീ പെയ്ഡ് കൗണ്ടറുകൾ കൂടി സ്ഥാപിക്കാൻ ട്രാഫിക് പൊലീസ്. കോവിഡിനു ശേഷം പുനരാരംഭിച്ച 14 കൗണ്ടറുകൾക്കു ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്താണ് കൂടുതൽ ഇടങ്ങളിലേക്കു സംവിധാനം വ്യാപിപ്പിക്കുന്നത്.
ഷോപ്പിങ് മാളുകളും മെട്രോ സ്റ്റേഷനുകളും അടക്കം തിരക്കേറിയ ഇടങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തതെന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബിഎംആർസിയുമായി ചേർന്ന് ബയ്യപ്പനഹള്ളി, ഐടിപിഎൽ, ചന്നസാന്ദ്ര, കോനനകുണ്ഡെ, ജ്ഞാനഭാരതി ഉൾപ്പെടെയുള്ള മെട്രോ സ്റ്റേഷനുകളിലാണ് ഓട്ടോ പ്രീപെയ്ഡ് കൗണ്ടറുകൾ സ്ഥാപിക്കുക.
ഒപ്പം കോറമംഗലയിലെ പാസ്പോർട്ട് ഓഫിസ്, മാറത്തഹള്ളി ഔട്ടർ റിങ് റോഡ് ജംക്ഷൻ, കെങ്കേരി സാലൈറ്റ് ബസ് സ്റ്റാൻഡ്, നയന്തനഹള്ളി റിങ് റോഡ് ജംക്ഷൻ, സജ്ജൻ റാവു സർക്കിൾ, ലാൽ ബാഗ് വെസ്റ്റ് ഗേറ്റ്, ജയനഗർ ഫോർത്ത് ബ്ലോക്ക്, പീനിയയിലെ നെലഗാദരണഹള്ളി കോസ്, ഔട്ടർ റിങ് റോഡിലെ പിഇ എസ് കോളജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും കൗണ്ടറുകൾ സ്ഥാപിക്കും.
പ്രവർത്തനം പുനരാരംഭിച്ച എംജി റോഡ് മെട്രോ സ്റ്റേഷനിലെ ഓട്ടോ കൗണ്ടറിൽ ഉൾപ്പെടെ മികച്ച തിരക്കാണ് അനുഭവപ്പെടുന്നത്. ശരാശരി പ്രതിദിനം 200 യാത്രക്കാർ ഇവിടെ എത്തുന്നുണ്ട്. 150 പേർ എത്തുന്ന ഇന്ദിരാനഗർ സ്റ്റേഷനാണ് രണ്ടാം സ്ഥാനത്ത്. ഓട്ടോക്കാരുടെ സഹകരണവും കൗണ്ടറുകളിൽ തിരക്കേറാൻ കാരണമാകുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ഓട്ടോക്കാർ അമിതകൂലി ഈടാക്കുന്നത് തടയാൻ കൗണ്ടറിലൂടെ നിരക്ക് നിശ്ചയിച്ചുള്ള യാത്ര സഹായിക്കുന്നുണ്ട്. വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ പേരും കൗണ്ടറിൽ രേഖപ്പെടുത്തുന്നത് സുരക്ഷിത യാത്ര ഉറപ്പാക്കുന്നു. നഗരത്തിൽ ആദ്യമായി എത്തുന്നവർക്ക് കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്താനും കൗണ്ടറിലെ സേവനങ്ങൾ സഹായിക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.