ബെംഗളൂരു : ഗദകിലെ ദംബൽ പഞ്ചായത്ത് അടച്ച് സ്ത്രീകൾ. പൊതുശൗചാലയം നിർമിക്കാമെന്ന വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ദംബലിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന 60-ഓളം സ്ത്രീകൾ സംഘടിച്ചെത്തി പഞ്ചായത്ത് ഓഫീസ് പൂട്ടിയത്.
ജീവനക്കാർ എത്തുന്നതിന് മുമ്പായിരുന്നു സംഭവം. പൊതുശൗചാലയം നിർമിക്കാമെന്ന ഉറപ്പുലഭിച്ചാൽ മാത്രം ഓഫീസ് തുറന്നുകൊടുക്കാമെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. തുടർന്ന് രണ്ടുമണിക്കൂറിന് ശേഷം ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ശൗചാലയം നിർമിച്ചു നൽകാമെന്ന് ഉറപ്പുനൽകിയതോടെയാണ് ഓഫീസ് തുറന്നുകൊടുത്തത്.
2018-ൽ ദംബലിൽ പൊതുശൗചാലയം നിർമിക്കുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽ പിന്നീട് കാര്യമായ നടപടിയൊന്നുമുണ്ടായില്ല. സമീപവാസികളായ സ്ത്രീകൾ പലവട്ടം പഞ്ചായത്തുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. ഇതോടെയാണ് പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.
മൂന്നുമാസത്തിനുള്ളിൽ ശൗചാലയത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ ഉറപ്പ്. പൊതുശൗചാലയം നിർമിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനമുണ്ടായതാണ് തിരിച്ചടിയായതെന്നാണ് അധികൃതരുടെ വാദം. പദ്ധതിയ്ക്ക് അനുവദിച്ച തുക കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വകമാറ്റേണ്ടിവന്നതായി അധികൃതർ വിശദീകരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.