പാദരായണപുര റോഡ് വീതി കൂട്ടല്‍ പദ്ധതി ഉടന്‍ ആരംഭിക്കും

ബെംഗളൂരു: വര്‍ഷങ്ങളായി നാട്ടുകാര്‍ എതിര്‍ക്കുന്ന പാദരായണപുര പ്രധാന റോഡിന്റെ വീതികൂട്ടല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഭവന, അടിസ്ഥാന സൗകര്യ വികസന മന്ത്രി വി സോമണ്ണ പറഞ്ഞു.

മൈസൂരു റോഡ് (സിര്‍സി സര്‍ക്കിള്‍ ഫ്ളൈ ഓവറിന് സമീപം) മുതല്‍ വിജയനഗര്‍ പൈപ്പ്ലൈന്‍ റോഡ് (വിജയനഗര്‍ മെട്രോ സ്റ്റേഷന് സമീപം) വരെയുള്ള 1.8 കിലോമീറ്റര്‍ ദൂരം നിലവിലുള്ള 30 അടിയില്‍ നിന്ന് 80 അടിയായി വികസിപ്പിക്കും. ഭൂമി നഷ്ടപരിഹാരം ഉള്‍പ്പെടെ 240 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്.

റോഡരികിലെ മതപരമായ നിര്‍മിതികളൊന്നും പൊളിക്കരുതെന്ന് നിവാസികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം സോമണ്ണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിജയനഗര, ഗോവിന്ദരാജ്നഗര്‍, ചാംരാജ്പേട്ട് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ഗതാഗതം സുഗമമാക്കുന്നതാണ് റോഡ് വീതി കൂട്ടല്‍ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് സോമണ്ണ പറഞ്ഞു.

2017 ലാണ് ഈ പദ്ധതി ആദ്യമായി വിഭാവനം ചെയ്തത്, പദ്ധതി നടപ്പിലാക്കാന്‍ ബിബിഎംപി ടെന്‍ഡര്‍ പോലും ക്ഷണിച്ചിരുന്നു. തുടര്‍ന്ന്, പദ്ധതിക്ക് 40 കോടി രൂപയിലേറെയാണ് കണക്കാക്കിയത്. എന്നാല്‍ ട്രാന്‍സ്ഫറബിള്‍ ഡെവലപ്മെന്റ് റൈറ്റ്സ് (ടിഡിആര്‍) സ്‌കീമില്‍ ഒരു വിഭാഗം ആളുകള്‍ തെറ്റിദ്ധരിപ്പിച്ചതിനാല്‍ പദ്ധതിക്ക് താമസക്കാരില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടായി.

രാജ്യത്ത് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിലവില്‍ നഷ്ടപരിഹാരം വസ്തുവിന്റെ നിലവിലെ വിപണി മൂല്യവുമായി പൊരുത്തപ്പെടുത്താന്‍ സംസ്ഥാനം തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രോജക്റ്റ് വിശദാംശങ്ങള്‍ 

റോഡിന്റെ ആകെ നീളം: 1.8 കി.മീ

റോഡ് 30 അടിയില്‍ നിന്ന് 80 അടിയായി വികസിപ്പിക്കും

പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ ആകെ ഭൂമി: 1,63,190 ചതുരശ്ര അടി

വസ്തുവകകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് 140 കോടി രൂപ നഷ്ടപരിഹാരം നല്‍കും

പദ്ധതിയുടെ ആകെ ചെലവ്: 240 കോടി രൂപ (നഷ്ടപരിഹാരം ഉള്‍പ്പെടെ)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us