ബെംഗളൂരു: അയൽവാസി ദത്തെടുത്ത തെരുവ് നായയെ മൂന്ന് പേർ ചേർന്ന് കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു, അടിയുടെ ആഘാതത്തിൽ അതിന്റെ കണ്ണ് പുറത്തേക്ക് വന്നു. ഈസ്റ്റ് ബെംഗളൂരുവിലെ ഭട്ടരഹള്ളിയിലെ മഞ്ജുനാഥ് ലേഔട്ടിൽ നിന്ന് തിങ്കളാഴ്ച രാത്രി റിപ്പോർട്ട് ചെയ്ത സംഭവം മൃഗപ്രവർത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്. ക്രൂരമായ ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുമുണ്ട്. കെആർ പുരം പോലീസാണ് പ്രതികളെ പിടികൂടിയത്.
നായ ഉടമ ഗദ്ദിഗപ്പ (53) യും ആക്രമിക്കപ്പെട്ടു. മൂന്ന് വർഷം മുമ്പാണ് ഗദ്ദിഗപ്പ തെരുവ് നായയെ ദത്തെടുത്ത് അച്ചു എന്ന് പേരിട്ടത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ നായയെ കളിക്കാൻ ഇറക്കിവിട്ടു. ഗദ്ദിഗപ്പയുടെ അയൽവാസിയായ നാഗരാജിന്റെ വളർത്തുനായയുമായി അച്ചു വഴക്കിട്ടു. കാര്യങ്ങൾ കൈവിട്ടുപോകുംമുമ്പ് അച്ചുവിനെ വീട്ടിലേക്ക് കൊണ്ടുവന്ന് വീടിന്റെ കോമ്പൗണ്ടിൽ കെട്ടിയിട്ടെന്ന് ഗദ്ദിഗപ്പ പറഞ്ഞു
രാത്രി 10 മണിയോടെ നാഗരാജിന്റെ മൂന്ന് മക്കളായ രഞ്ജിത്ത്, രാഹുൽ, രജത്ത് എന്നിവർ ഗദ്ദിഗപ്പയുടെ വീട്ടുവളപ്പിലേക്ക് അതിക്രമിച്ചു കയറി. വടികളുമായെത്തി, അവർ അച്ചുവിനെ ഒരു കയറുകൊണ്ട് കെട്ടിയിട്ട് അതിന്റെ ഒരു കണ്ണി പുറത്തുവരുന്നതുവരെ തലയിൽ വടികൊണ്ട് അടിക്കുകയും ചെയ്തു. നായയെ രക്ഷിക്കാൻ ഗദ്ദിഗപ്പ ശ്രമിച്ചപ്പോൾ മൂവരും ചേർന്ന് അദ്ദേഹത്തിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഗദ്ദിഗപ്പ പോലീസിനോട് പറഞ്ഞു.
ഗദ്ദിഗപ്പയുടെ പരിക്ക് ഗുരുതരമായതിനാൽ കെആർ പുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഡോംലൂരിലെ സെസ്‌ന ലൈഫ്‌ലൈൻ വെറ്ററിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ച നായ ഗുരുതരാവസ്ഥയിലാണ്. ഗദ്ദിഗപ്പയുടെ പരാതിയെ തുടർന്ന് പോലീസ് ഐപിസി സെക്ഷൻ 324, 428, 429, 448, 504, 506, 34, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ സെക്ഷൻ 11 എന്നിവ പ്രകാരം കേസെടുത്തു. ഐപിസി വകുപ്പുകൾ സ്വമേധയാ മുറിവേൽപ്പിക്കുക, മൃഗത്തെ അംഗഭംഗം വരുത്തുക, അതിക്രമിച്ച് കടക്കുക, മനഃപൂർവം അപമാനിക്കുക, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ടതാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.