മദ്യപിച്ചു വാഹനം ഓടിച്ചാൽ മാത്രമല്ല, മയക്കുമരുന്നടിച്ച് വാഹനമോടിച്ചാലും പിടി വീഴും

തിരുവനന്തപുരം : മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് റോഡപകടങ്ങൾ വരുത്തുന്നത് തടയാൻ നടപടിയുമായി പോലീസ്.

ഡ്രൈവർമാർ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ അൽക്കോ സ്‌കാൻ ബസ് സംവിധാനമുപയോഗിച്ച്‌ ശാസ്ത്രീയമായി പരിശോധിച്ച് ഇനി നിയമ നടപടികൾ സ്വീകരിക്കും.

അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക ഉപകരണവും കിറ്റുമുപയോഗിച്ചായിരിക്കും പരിശോധന നടത്തുക. ഡ്രൈവറെ ബസിനുള്ളിൽ കയറ്റി ഉമിനീർ പരിശോധിച്ചാണ് ലഹരിയുപയോഗം അറിയുക. അര മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുകയും ചെയ്യും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്നത്. പരിശോധനയ്ക്കുള്ള ആൽക്കോ സ്‌കാൻ ബസ് റോട്ടറി ക്ലബ്ബ് പോലീസിന് കൈമാറി. ബസിൻറെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. റോട്ടറി ക്ലബ്ബിന്റെയും പോലീസിന്റെയും സഹകരണ കൂട്ടായ്മയായ ‘റോപ്പ്’ പദ്ധതിക്ക് കീഴിലാണ് ബസ് കൈമാറിയത്. ലഹരി വിപത്ത് സമൂഹത്തെ വലിയ തോതിൽ ഗ്രസിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വലിയ തോതിൽ പ്രചരിക്കുന്നു. അതിന് ബോധപൂർവ്വം ചിലർ ശ്രമിക്കുന്നുണ്ട്.

ലഹരി ഉപഭോഗത്തിനെതിരായി സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരെ ഉൾക്കൊള്ളിച്ച ബൃഹദ് ക്യാമ്പിൽ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർഥികൾ, യുവാക്കൾ, സാംസ്കാരിക സംഘടനകൾ, ഗ്രന്ഥാലയങ്ങൾ, സാമൂഹ്യ സംഘടനകൾ തുടങ്ങി എല്ലാവരും ക്യാമ്പയിന്റെ ഭാഗമാകും. ഇതിനൊപ്പം ബോധപൂർവ്വം ലഹരിയിൽ അടിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെയുള്ള നിയമ നടപടികൾ കർക്കശമാക്കുകയും ചെയ്യും. ബസും പരിശോധനാ ഉപകരണവും കിറ്റുമടക്കം 50 ലക്ഷം രൂപ വില വരുന്ന സാമഗ്രികൾ പോലീസിന് കൈമാറിയ റോട്ടറി ക്ലബ്ബിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

അടുത്ത മാർച്ച്‌ 31ന് മുമ്പ് ഇത്തരത്തിൽ 15 ആൽക്കോ സ്‌കാൻ ബസുകൾ കൂടി റോട്ടറി വാഗ്ദാനം ചെയ്തിട്ടുണ്ട്. മദ്യം ഉപയോഗിച്ച്   വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നത് പോലെ മയക്കു മരുന്ന് ഉപയോഗിക്കുന്ന ഡ്രൈവർമാരെ ശാസ്ത്രീയമായി കണ്ടെത്താനുള്ള സംവിധാനങ്ങൾ ലഭ്യമായിരുന്നില്ലെന്ന് ചടങ്ങിൽ സംസാരിച്ച വിജിലൻസ് ഡയറക്ടർ എ.ഡി.ജി.പി മനോജ് എബ്രഹാം ചൂണ്ടിക്കാട്ടി.

ചടങ്ങിൽ ഡി.ജി.പി അനിൽകാന്ത് അധ്യക്ഷത വഹിച്ചു. എ.ഡി.ജി.പി കെ. പത്മകുമാർ, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ, റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ കെ. ബാബുമോൻ, റോപ്പിന്റെ ചീഫ് കോർഡിനേറ്റർ സുരേഷ് മാത്യു, കെ. ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us