ന്യൂഡൽഹി: സീറോ മലബാർ സഭയിലെ ഭൂമിയിടപാട് സംബന്ധിച്ച ഹൈക്കോടതി വിധിയിലെ തുടർനടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതി വിധിക്കെതിരായ വിവിധ ഹർജികൾ സെപ്റ്റംബർ എട്ടിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.
പളളികളുടെ ഭൂമിയും സ്വത്തുക്കളും വിൽക്കാൻ ബിഷപ്പുമാർക്ക് അവകാശമില്ലെന്നും ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.യു. സിംഗ് ഇന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു . അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയും ഹൈക്കോടതിയിൽ വിധി പ്രസ്താവിച്ച ജഡ്ജി തുടർനടപടികൾ സ്വീകരിക്കുകയാണെന്ന് ബത്തേരി രൂപത ആരോപിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്ന് നിർദേശിച്ച ഹൈക്കോടതി ഉത്തരവിന്റെ 17 മുതൽ 39 വരെയുളള ഖണ്ണികകൾ സ്റ്റേ ചെയ്യണമെന്ന് ബത്തേരി രൂപത ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ബത്തേരി രൂപത നൽകിയ അപേക്ഷയിൽ ഹൈക്കോടതി ജഡ്ജിയുടെ നടപടിക്കെതിരായ പരാമർശങ്ങൾ ഉണ്ടെന്നും അതിനാൽ നോട്ടീസ് പോലും അയയ്ക്കരുതെന്നും കേസിലെ പരാതിക്കാരനായ ജോഷി വർഗീസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ്, അഭിഭാഷകൻ പി.എസ്. സുധീർ എന്നിവർ വാദിച്ചു. അടുത്ത തവണ ഹർജികൾ പരിഗണിക്കുമ്പോൾ സ്റ്റേ വേണമെന്ന ഹർജി പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.