തിരുവനന്തപുരം: സംസ്ഥാനത്ത് അസാധാരണ അതിതീവ്ര മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
അടുത്ത ദിവസം വടക്കൻ കേരളത്തിലേക്ക് കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മഴക്കെടുതിയിൽ ഏഴ് പേരാണ് മരിച്ചത്. കോട്ടയത്തെ മങ്കൊമ്പ്, കണ്ണൂർ നെടുമ്പോയിൽ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരാൻ തുടങ്ങിയിട്ടുണ്ട്. കൊച്ചി നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) നാല് സംഘങ്ങൾ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.
12 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 165 പേരെ മാറ്റിപ്പാർപ്പിച്ചു. 5 വീടുകൾ പൂർണ്ണമായും 55 വീടുകൾ ഭാഗികമായും തകർന്നു. മണ്ണൊലിപ്പിനുള്ള സാധ്യത കണക്കിലെടുത്ത് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം. വെള്ളിയാഴ്ച വരെ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചു. കളക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും സെക്രട്ടേറിയറ്റിലെ റവന്യൂ മന്ത്രിയുടെ ഓഫീസിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.