ന്യൂഡൽഹി : ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എജ്യുടെക് കമ്പനിയായ ബൈജൂസിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിലേക്ക് പാര്‍ലമെന്റ് അംഗം കാര്‍ത്തി പി. ചിദംബരം കത്തയച്ചു. ഗുരുതര സാമ്പത്തിക തിരിമറി ആരോപണങ്ങള്‍ക്കൊപ്പം തെളിവെന്നോണം നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകളും ചിദംബരം കൈമാറിയിട്ടുണ്ട്.
ബൈജൂസ് സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രനും സുമേരു വെഞ്ച്വേഴ്സ്, വിട്രൂവിയന്‍ പാര്‍ട്ണേഴ്സ്, ബ്ലാക്ക്റോക്ക് എന്നിവയും ചേര്‍ന്നു മാര്‍ച്ചില്‍ സമാഹരിച്ച 80 കോടി ഡോളറിന്റെ ഇടപാട് ചിദംബരം കത്തില്‍ എടുത്തുകാട്ടുന്നു. 571 കോടി മൂല്യമുള്ള സീരീസ് എഫ് പ്രിഫറന്‍സ് ഓഹരികള്‍ വിട്രൂവിയന്‍ പാര്‍ട്ണേഴ്സിന് അനുവദിച്ചെന്നതിനു തെളിവായി ഒരു വാര്‍ത്താ റിപ്പോര്‍ട്ടും ഒപ്പം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഓക്സ്ഷോട്ട് ക്യാപിറ്റല്‍ പാര്‍ട്ണേഴ്സില്‍ നിന്നുള്ള 1,200 കോടി ഫണ്ടിങ്ങുമായി ബന്ധപ്പെട്ടതാണ് മറ്റൊരു ആരോപണം. ഒമ്പത് മാസങ്ങള്‍ക്കിപ്പുറവും നിക്ഷേപകനില്‍ നിന്ന് ഈ ഫണ്ടിങ് ലഭിച്ചിട്ടില്ലെന്നാണ് ബൈജൂസ് സ്ഥിരീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
2020-21 സാമ്പത്തിക വര്‍ഷത്തെ കോസ്റ്റ് ഓഡിറ്റ് റിപ്പോര്‍ട്ട് ബൈജൂസ് ഫയല്‍ ചെയ്യാത്തതുമായി ബന്ധപ്പെട്ടാണ് മൂന്നാമത്തെ ആരോപണം. ഇക്കഴിഞ്ഞ ജൂലൈയില്‍ വന്ന വാര്‍ത്തയില്‍ പറയുന്നത് ബൈജൂസ് 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഫിനാന്ഡഷ്യല് സ്റ്റേറ്റ്മെന്റ്സ് അവരുടെ ഓഡിറ്ററായ ഡെലോയിറ്റില്‍ നിന്ന് ഓഡിറ്റ് ചെയ്ത് വാങ്ങിയിട്ടില്ലെന്നാണ്. കോസ്റ്റ് ഓഡിറ്റ് റിപ്പോര്‍ട്ട് മന്ത്രാലയത്തിന് ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും അതില്‍ പറയുന്നു. 2014ലെ കമ്പനികളുടെ ചട്ടങ്ങളുടെ 6 (5) ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണിതെന്ന് കാര്‍ത്തി ചൂണ്ടിക്കാട്ടുന്നു.
ഇവയടക്കം ബൈജൂസിന്റെ ഒട്ടേറെ ഇടപാടുകളില്‍ കള്ളക്കളി സംശയിച്ചാണ് കാര്‍ത്തിയുടെ കത്ത്. അമേരിക്കന്‍ എജ്യുടെക് കമ്പനിയായ 2യു, 240 കോടി ഡോളറിന് ഏറ്റെടുക്കാന്‍ ബൈജൂസ് പദ്ധതിയിട്ട കാര്യമടക്കം എസ്.എഫ്.ഐ.ക്ക് അയച്ച കത്തിലുണ്ട്.
അതേ സമയം, ടീം ഇന്ത്യയുടെ ജഴ്സി സ്പോണ്‍സറായ ബൈജൂസ് ബി.സി.സി.ഐക്ക് നല്‍കാനുള്ളത് 86.21 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ബി.സി.സി.ഐയുമായുള്ള ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കാന്‍ പേടിഎം തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് മാസങ്ങള്‍ക്കു മുന്‍പാണ് എജ്യുടെക് കമ്പനിയായ ബൈജൂസുമായി ബി.സി.സി.ഐ. 2023 ലോകകപ്പ് വരെ കരാര്‍ നീട്ടിയത്.
ബി.സി.സി.ഐ. യുമായി കരാര്‍ നീട്ടിയെങ്കിലും കരാറില്‍ ഒപ്പിട്ടില്ലെന്നാണ് ബൈജൂസ് പറയുന്നത്. കരാര്‍ ഒപ്പിട്ടതിനു ശേഷം പണം നല്‍കുമെന്നും ബൈജൂസ് പ്രതിനിധി അറിയിച്ചതായി ഒരു ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.