ബെംഗളൂരു: നഗരത്തിലെ രാജാജിനഗർ അസംബ്ലി മണ്ഡലത്തിലെ പ്രകാശ് നഗറിലെ ഗായത്രി ദേവി പാർക്കിനുള്ളിൽ നിർമാണങ്ങൾ നടത്തുന്നതിൽ നിന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെയെ (ബിബിഎംപി) ഹൈക്കോടതി വിലക്കി. ജെ ശ്രീനിവാസ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിക്ക് മറുപടിയായാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
പാർക്കിന്റെ പ്രയോജനത്തെ ബാധിക്കുന്ന ഏതൊരു നിർമ്മാണവും കർണാടക പാർക്കുകൾ, കളിസ്ഥലങ്ങൾ, തുറന്ന ഇടങ്ങൾ (പ്രിസർവേഷൻ ആൻഡ് റെഗുലേഷൻ) ആക്റ്റ്, 1985 ലെ സെക്ഷൻ 8 ന്റെ ലംഘനമാണെന്ന് കോടതി പറഞ്ഞു. 2018-ൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ, ബി.ബി.എം.പി. 1985ലെ നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ ലംഘിച്ച് പാർക്കിനുള്ളിൽ നീന്തൽക്കുളം, ജിം, ഗസീബോസ് എന്നിവ നിർമിക്കാൻ നിർദേശിച്ചിരുന്നു. പാർക്കിന്റെയോ കളിസ്ഥലത്തിന്റെയോ തുറസ്സായ സ്ഥലത്തിന്റെയോ ഉപയോഗത്തെ ബാധിക്കുകയോ ഏതെങ്കിലും പാർക്കിലോ അതിനു മുകളിലോ കൈയേറ്റം നടത്തുകയോ ചെയ്യുന്ന ഏതെങ്കിലും ഘടനയ്ക്ക് നിയമത്തിലെ സെക്ഷൻ 8 പ്രകാരം നിരോധനമുണ്ടെന്ന് ഹരജിക്കാർ വാദിച്ചു.
കർണാടക പാർക്കുകൾ, കളിസ്ഥലങ്ങൾ, തുറസ്സായ സ്ഥലങ്ങൾ (പ്രിസർവേഷൻ ആൻഡ് റെഗുലേഷൻ) ചട്ടങ്ങളിലെ ചട്ടം 6 പ്രകാരം പമ്പ് ഹൗസുകൾ, ബെഞ്ചുകൾ തുടങ്ങിയ ചില നിർമാണങ്ങൾക്ക് മാത്രമേ അനുമതിയുള്ളൂവെന്നും കാര്യങ്ങൾ പരിശോധിച്ച ശേഷം ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ആക്ടിലെ സെക്ഷൻ 8 (1)ന്റെയും റൂൾ 6ന്റെയും സംയോജിത വായന, പാർക്കിന്റെ ഉപയോഗത്തെ ബാധിക്കാൻ സാധ്യതയുള്ള ഘടനകൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്നതായി കോടതി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.